ഇന്ത്യക്കെതിരെ വിവാദ പരമാമർശവുമായി ബംഗ്ലാദേശ് റൈഫിൾസ് മുൻ മോധാവി റിട്ട. മേജർ ജനറൽ എഎൽഎം ഫസ്‌ലൂർ റഹ്മാൻ. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും പിടിച്ചെടുക്കണമെന്ന് ഫസ്‌ലൂർ റഹ്മാൻ പറഞ്ഞു. ഇതിനായി ചൈനയുടെ സഹായം തേടണമെന്നും നാഷണൽ ഇൻഡിപെൻഡൻ്റ് കമ്മീഷന്റെ ചെയർപേഴ്സൺ കൂടിയായ റഹ്മാൻ ആവശ്യപ്പെട്ടു.
“ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ഏഴ് സംസ്ഥാനങ്ങൾ പിടിച്ചെടുക്കേണ്ടിവരും. ഇക്കാര്യത്തിൽ, ചൈനയുമായി സംയുക്ത സൈനിക ക്രമീകരണങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു,” റഹ്മാൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
നിലവിലെ ഇടക്കാല ഭരണകൂടത്തിന് കീഴിൽ ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ ശബ്ദങ്ങൾ ശക്തി പ്രാപിക്കുകയും, പാകിസ്താനുമായും ചൈനയുമായും കൂടുതൽ അടുപ്പം സ്ഥാപിക്കാൻ ആഹ്വാനങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയും ബംഗ്ലാ ദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് റഹ്മാന്റെ വിവാദ പരാമർശം.
ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ചൈനയോടുള്ള സൗഹൃദ നിലപാടും വികസന പ്രവർത്തനങ്ങൾക്കുള്ള ക്ഷണവുമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. പിന്നാലെ ഇന്ത്യ ബംഗ്ലാദേശിനുള്ള ട്രാൻസ്ഷിപ്പ്മെന്റ് അവകാശങ്ങൾ പിൻവലിച്ചു. ഇതിന് മറുപടിയായി ഇന്ത്യയിൽ നിന്നുള്ള നൂൽ ഇറക്കുമതി ബംഗ്ലാദേശ് നിർത്തിവയ്ക്കുകയും ചെയ്തു. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികളും ഇന്ത്യ താത്കാലികമായി നിർത്തിവെച്ചിരുന്നു.