ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താൻ. പാക് പൗരന്മാർക്ക് രാജ്യംവിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്‌താൻ വാഗാ അതിർത്തി അടച്ചതായും സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്ന് മടങ്ങുന്ന ഒട്ടേറെ പാക് പൗരന്മാരാണ് അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങികിടക്കുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തേ ഏപ്രിൽ 30-ന് അട്ടാരി അതിർത്തി അടയ്ക്കുമെന്നും ഇതിനകം പാക് പൗരന്മാർ രാജ്യം വിടണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച സമയപരിധി ഇന്ത്യ നീട്ടിനൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാകിസ്താൻ പൗരന്മാർക്ക് അട്ടാരി അതിർത്തിവഴി മടങ്ങാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. അതേസമയം, പാകിസ്താൻ വാഗാ അതിർത്തി അടച്ചിട്ടതിനാൽ വ്യാഴാഴ്ച ഇരുരാജ്യങ്ങളിൽനിന്നും ആർക്കും മറുഭാഗത്തേക്ക് കടക്കാനായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഇതിനുപിന്നാലെ ആറുദിവസത്തിനുള്ളിൽ 786 പാകിസ്താൻ പൗരന്മാർ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിൽനിന്ന് മടങ്ങിയതായാണ് റിപ്പോർട്ട്. പാക് നയതന്ത്ര ഉദ്യോഗസ്ഥരായ 55 പേരും ഇതിൽ ഉൾപ്പെടും. ഇതേസമയം, പാകിസ്‌താനിൽനിന്ന് വാഗാ അതിർത്തിയിലൂടെ 1465 ഇന്ത്യക്കാരും തിരിച്ചെത്തി.