മുസ്ലിങ്ങൾക്കും കശ്മീരികൾക്കുമെതിരെ നീങ്ങരുതെന്ന് ആവശ്യപ്പെട്ട് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. തങ്ങൾക്ക് സമാധാനവും നീതിയുമാണ് വേണ്ടതെന്നും ഹിമാൻഷി പറഞ്ഞു. വിനയ് നർവാളിന്റെ 27-ാം പിറന്നാൾ ദിനമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹിമാൻഷി.
‘അവൻ എവിടെയായിരുന്നാലും സന്തോഷത്തോടും ആരോഗ്യത്തോടെയുമിരിക്കാൻ രാജ്യത്തെ മുഴുവൻ പേരും പ്രാർത്ഥിക്കണം. ആളുകൾ കശ്മീരികൾക്കും മുസ്‌ലിങ്ങൾക്കുമെതിരെ തിരിയരുത്. നമുക്ക് സമാധാനമാണ് ആവശ്യം. ഞങ്ങൾക്ക് നീതിയാണ് ആവശ്യം’, ഹിമാൻഷി പറഞ്ഞു. നർവാളിൻ്റെ പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കർണാലിലെ കലാകാരന്മാരുടെയും ആക്ടിവിസ്റ്റുകളുടെയും എൻജിഒയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധിപ്പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഏപ്രിൽ 16നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടേയും വിവാഹം. ഹണിമൂണിന്റെ ഭാഗമായാണ് നവദമ്പതികൾ കശ്‌മീരിലെ പഹൽഗാമിലെത്തിച്ചേർന്നത്.
സ്വിറ്റ്സർലൻഡിലോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തോ മധുവിധു ആഘോഷിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാൽ അവസാനം എത്തിച്ചേർന്നത് മിനി സ്വിറ്റ്സർലൻഡായ പഹൽഗാമിലായിരുന്നു. ഇരുവരും ബൈസരൻ താഴ്വരയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ഭീകരർ ചാടി വീഴുകയായിരുന്നു.
ഒരു നിമിഷം തൻ്റെ ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന ഹിമാൻഷിയുടെ മുൻപിൽ വിനയ് വെടിയേറ്റ് വീഴുകയായിരുന്നു. ചേതനയറ്റ വിനയ്യുടെ ശരീരത്തിന് മുന്നിൽ നിർവികാരയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം പിന്നീട് രാജ്യത്തിന് തന്നെ വേദനയായി മാറി. രണ്ട് വർഷം മുൻപായിരുന്നു വിനയ് നർവാൾ നാവികസേനയിൽ ചേർന്നത്. ആദ്യ പോസ്റ്റിംഗ് കൊച്ചിയിലായിരുന്നു. പിന്നീട് ഇവിടെ തന്നെ സേവനം തുടരുകയായിരുന്നു.