പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും ഭീകരർക്ക് തക്കതായ ശിക്ഷ നൽമെന്നും ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവർത്തിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പല ലോകനേതാക്കളും എന്നെ ഫോണിൽ ബന്ധപ്പെട്ടു, ചിലർ കത്തെഴുതി, സന്ദേശങ്ങൾ അയച്ചു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി, പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാൻ 140 കോടി ഇന്ത്യൻ ജനങ്ങൾക്കൊപ്പം ഈ ലോകം മുഴുവൻ കൂടെയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞാൻ വീണ്ടും ഉറപ്പ് നൽകുകയാണ്, അവർക്ക് നീതി ലഭിക്കും. ഈ ആക്രമണത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് പരുഷമായ രീതിയിലുള്ള മറുപടി തന്നെ ലഭിക്കും, പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിൽ സമാധാനവും വികസനവും തിരികെ എത്തിയ സമയത്താണ് ആക്രമണം നടന്നത്. സ്‌കൂളുകളും കോളേജുകളും സാധാരണഗതിയിൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വിനോദസഞ്ചാരം തിരികിയെത്തി, സഞ്ചാരികൾ എത്തിത്തുടങ്ങി. ജനാധിപത്യം ശക്തിപ്രാപിച്ചു. ഇതൊന്നും ഇഷ്‌ടപ്പെടാത്തവരാണ് ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവരാണ് ഈ രാജ്യത്തിൻ്റെ, ജമ്മു-കശ്‌മീരിന്റെ യഥാർഥ ശത്രുക്കൾ, പ്രധാനമന്ത്രി പറഞ്ഞു.