പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാമിൽ നടന്ന ആക്രമണം തീർത്തും ദൗർഭാഗ്യകരമാണെന്നും ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള പ്രശ്‌നങ്ങൾ അവർതന്നെ സ്വന്തംനിലയിൽ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
“ഇന്ത്യയുമായും പാകിസ്‌താനുമായും എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കശ്‌മീരിൽ അവർ ആയിരത്തോളം വർഷങ്ങളായി പോരാട്ടത്തിലാണ്. ഒരുപക്ഷേ, അതിനെക്കാൾ കൂടുതൽ. കഴിഞ്ഞദിവസംനടന്ന ആക്രമണം വളരെ ദൗർഭാഗ്യകരമായി. 1500 വർഷങ്ങളായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ, ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരുരീതിയിൽ അവർതന്നെ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. ഇന്ത്യയും പാകിസ്‌താനും തമ്മിൽ വലിയ സംഘർഷമുണ്ട്. പക്ഷേ, അവിടെ എല്ലായ്പ്‌പോഴും അങ്ങനെയായിരുന്നു”, ട്രംപ് പറഞ്ഞു.
നേരത്തേ പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ യുഎസ് അപലപിക്കുന്നതായും ഹീനമായ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നിൽകൊണ്ടുവരാൻ അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ട്രംപ് മോദിയെ അറിയിച്ചിരുന്നു.