“നിന്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവൻ ഉണ്ടാകും” -ഫൊറൻസിക് സയൻസിൽ തുടർപഠനമാണ് പ്ലസ് വൺ വിദ്യാർഥിനിയായ അതിജീവതയുടെ ആഗ്രഹമെന്നറിയിച്ചപ്പോൾ പ്രതിയായ അഭിഭാഷകന്റെറെ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ എഴുതിയതാണിത്. ആ വാക്കുകൾ ആ പെൺകുട്ടിയുടെ മനസ്സിലുണ്ടാക്കിയത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു. സർക്കാർ സംരക്ഷണത്തിൽ ഷെൽട്ടർ ഹോമിൽ താമസിച്ച് ഫൊറൻസിക് സയൻസിൽ തുടർപഠനത്തിനായി രാവ് പകലാക്കി അവൾ പഠിച്ചു. ഓൾ ഇന്ത്യ ഫൊറൻസിക് സയൻസ് പ്രവേശനപരിക്ഷയിൽ യോഗ്യതനേടിയാണ് ആ മിടുക്കി നൊമ്പരങ്ങളെ തോൽപ്പിച്ചത്.
ഈ സന്തോഷം ആദ്യമായി പങ്കുവെച്ചത് ഹൈക്കോടതി അവളോട് സംസാരിച്ച് വിവരങ്ങൾ അറിയാനായി നിയോഗിച്ച വിക്ടിം റൈറ്റ് സെന്റർ പ്രോജക്‌ട് കോഡിനേറ്ററോടാണ്. 2022-ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹോട്ടലിൽവെച്ചാണ് നിർബന്ധിച്ച് മദ്യംനൽകി പീഡിപ്പിച്ചത്. തുടർന്ന് നഗ്നചിത്രങ്ങളും വീഡിയോകളുമുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.
പ്രതിയുടെ മുൻകൂർ ജാമ്യഹർജി വന്നപ്പോഴാണ് അതിജീവിതയോട് സംസാരിച്ച് കാര്യങ്ങളിൽ വ്യക്തതവരുത്താൻ വിക്‌ടിം റൈറ്റ്സ് സെന്ററിനെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. പെൺകുട്ടിയുടെ തുടർപഠനത്തിനുള്ള അപേക്ഷ നൽകാൻ സഹായിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.