ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സഹയാത്രികൻ യൂജിൻ ബുഷ് വിൽമോറും തിരികെ ഭൂമിയിലെത്തുന്ന തീയതി നീട്ടിവച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ഇവർ സഞ്ചരിച്ച ബോയിങ് സ്‌റ്റാർലൈനറെന്ന ബഹിരാകാശ പേടകത്തിൻ്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനാവത്തതിനാൽ ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാണ്. ജൂൺ 14നു മടങ്ങേണ്ട പേടകം മൂന്നാം തവണയാണു യാത്ര പുനഃക്രമീകരിക്കുന്നത്.
ബോയിങ് സ്റ്റാർലൈനറുടെ ആദ്യ യാത്രയിൽത്തന്നെ ഇത്രയധികം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നത് വെല്ലുവിളിയാണെന്ന് ഈ രംഗത്തെ വിദഗ്‌ധർ വിലയിരുത്തുന്നു. ബോയിങ് സ്‌റ്റാർലൈനർ രാജ്യാന്തര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്നു ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതു ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നൽകുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്.
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്‌റ്റാർലൈനർ വിക്ഷേപണം. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി. യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത 1998ലാണു നാസയുടെ ബഹിരാകാശ സഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.
2006ലും 2012ലും ബഹിരാകാശ നിലയത്തിലെത്തിയ സുനിത കൂടുതൽ നേരം ബഹിരാകാശ നടത്തം ചെയ്‌ത രണ്ടാമത്തെ വനിത എന്ന നേട്ടം (50 മണിക്കൂർ 40 മിനിറ്റ്) സ്വന്തമാക്കി. ഒന്നാമതുള്ളത് 60 മണിക്കൂറും 21 മിനിറ്റും നടന്ന അമേരിക്കൻ ബഹിരാകാശയാത്രിക പെഗി വിറ്റ്സന്റെ റെക്കോർഡ്. ഇത് ഇത്തവണ മറികടക്കാൻ സുനിതയ്ക്കു കഴിഞ്ഞേക്കും. രണ്ടുയാത്രകളിലുമായി 322 ദിവസം ബഹിരാകാശനിലയത്തിൽ ചെലവഴിച്ചു.