രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കുവൈത്തിലേക്കു പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് അനുമതി നൽകാതിരുന്ന കേന്ദ്രനടപടിയെ ലോകകേരള സഭയുടെ ഉദ്ഘാടന വേദിയിലും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംസ്‌ഥാനം എന്ന നിലയിൽ മറ്റൊരു രാജ്യത്ത് ഒന്നും ചെയ്യാനാവില്ലെങ്കിലും അവിടെ താമസിക്കുന്നത് കൂടുതൽ നമ്മുടെ നാട്ടുകാരായതുകൊണ്ട് അക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അതൊന്നും ഇപ്പോൾ വേണ്ട എന്നു പറയുന്നത് ഔചിത്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനസിനെ വിഷമിപ്പിക്കുന്ന രംഗങ്ങൾക്കാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സാക്ഷ്യം വഹിക്കേണ്ടിവന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ജീവനു പകരം എന്തുകൊടുത്താലും മതിയാവില്ല എന്നറിയാമെങ്കിലും ആ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. ലോകകേരള സഭയുടെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുവൈത്ത് സർക്കാർ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാർ കുവൈത്തുമായി ബന്ധപ്പെട്ട് ആ നടപടികൾ ത്വരിതപ്പെടുത്തണം. നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്‌ഥാപനങ്ങൾ ഉണ്ടെങ്കിൽ അവരിൽനിന്ന് കൃത്യമായി അത് ഈടാക്കാനുള്ള നടപടികളും സ്വീകരിക്കണം. ഇതിനായി കേന്ദ്രവും സംസ്‌ഥാനവും ഒരേമനസോടെ ഏകോപിച്ച് നീങ്ങണം. അവിടെ രൂപീകരിച്ച ഹെൽപ് ഡെസ്‌കിലൂടെ നല്ല ഇടപെടൽ നമുക്ക് നടത്താൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.