തന്റെ മധുര യാത്രയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ലെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. യാത്ര തികച്ചും തൊഴിൽപരമാണെന്നും അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മധുരയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്.
സിനിമയിലെ കരിയർ അവസാനിപ്പിച്ചാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. താരത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘ജനനായകൻ’ അദ്ദേഹത്തിൻ്റെ അവസാന ചിത്രം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ‘എൻ്റെ മധുര യാത്രയുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജവാർത്തകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതൊരു രാഷ്ട്രീയസന്ദർശനമല്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഈ യാത്ര തൊഴിലുമായി ബന്ധപ്പെട്ടാണ്. ജനനായകൻ്റെ ഷൂട്ടിന് വേണ്ടിയാണ് ഞാൻ കൊടൈക്കനാലിലേക്ക് പോകുന്നത്’, വിജയ് വ്യക്തമാക്കി.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ തന്നെ പിന്തുടരുന്ന ആരാധകർക്ക് ഉപദേശം നൽകാനും താരം മറന്നില്ല. ‘ഹെൽമറ്റ് ഇല്ലാതെ ആരാധകർ തന്നെ ബൈക്കുകളിൽ പിന്തുടരുന്നത് കാണുമ്പോൾ ദുഃഖവും ആശങ്കയുമുണ്ട്. ഇത് അശ്രദ്ധമായ പെരുമാറ്റമാണ്. എല്ലാവരുടേയും പ്രഥമപരിഗണന സുരക്ഷയ്ക്കായിരിക്കണം. ഇത്തരം സാഹചര്യം ഒഴിവാക്കണം’, വിജയ് ആഹ്വാനം ചെയ്തു.
വിജയ്‌യുടെ ആഹ്വാനത്തിന് ശേഷവും നിരവധിപ്പേർ ഹെൽമറ്റ് ഇല്ലാതെ താരത്തിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മധുരയിലെത്തിയ താരത്തെ റോഡ് ഷോയോടെയാണ് ആരാധകർ വരവേറ്റത്. 2026-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന വിജയ് നിലവിൽ എച്ച്. വിനോദിൻ്റെ ‘ജനനായകൻ’ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൂജാ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.