ലോകത്തെ വലിയ സമ്പദ്‌വ്യവസ്‌ഥകൾക്കിടയിൽ ഏറ്റവും വേഗം വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം ലോക ബാങ്ക് 6.6 ശതമാനത്തിൽ നിലനിർത്തി. അതേസമയം, നടപ്പുവർഷം ഇന്ത്യ 7.2 ശതമാനം വളരുമെന്നാണ് ഇക്കഴിഞ്ഞ പണനയ നിർണയത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടത്. 8.2 ശതമാനമായിരുന്നു കഴിഞ്ഞവർഷം (2023-24) വളർച്ചാനിരക്ക്.
വളർച്ചയുടെ വേഗം കുറയുമെങ്കിലും മറ്റു വലിയ സമ്പദ്വ്യവസ്‌ഥകളേക്കാൾ മുന്നിൽ തുടരാൻ ഇന്ത്യയ്ക്കാകുമെന്നു ലോക ബാങ്ക് പുറത്തിറക്കിയ ദ്വൈവാർഷിക ആഗോള സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നടപ്പുവർഷം മുതൽ അടുത്ത 3 വർഷക്കാലത്തേക്ക് ശരാശരി 6.7 ശതമാനം വളർച്ചയാണ് ഇന്ത്യയ്ക്കു റിപ്പോർട്ട് വിലയിരുത്തുന്നത്.
2025-26ൽ 6.7 ശതമാനവും 2026-27ൽ 6.8 ശതമാനവും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു. പൊതു, സ്വകാര്യനിക്ഷേപങ്ങളിലെ വളർച്ചയാകും കരുത്താവുക. കാർഷിക ഉൽപാദനം കൂടുന്നതും പണപ്പെരുപ്പം കുറയുന്നതും സ്വകാര്യ ഉപഭോഗം വർധിക്കുന്നതും ഇന്ത്യയ്ക്കു ഗുണമാകുമെന്നും റിപ്പോർട്ടിലുണ്ട്.