അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ ദമ്പതികളും സുഹൃത്തും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്.

മരിച്ച നവീൻ്റെ കാറിൽ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ ഇ- മെയിലിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ആര്യക്ക് വന്ന മെയിലിൽ ഈ കല്ലുകളെ കുറിച്ച് പറയുന്നുണ്ട്.

യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോൾ ആര്യയുടെ ആഭരണങ്ങൾ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല.

ഏപ്രിൽ രണ്ടിനാണ് അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്.

അന്ധവിശ്വാസം പിന്തുടർന്ന് ഒടുവിൽ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതൽ നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചു. ഇവർക്കുമേൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.
