കാസർഗോഡ് ഗവൺമെൻ്റ് കോളജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി.

വിദ്യാർത്ഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡൻ്റ് അർജുൻ തായലങ്ങാടി വ്യക്തമാക്കി. കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് പ്രിൻസിപ്പൽ രമയെ നേരത്തെ നീക്കം ചെയ്തിരുന്നു.ഇന്ന് ഈ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി കോളേജിൽ പിടിഎ യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷമാണ് ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായത്.

കാസർഗോഡ് ഗവ. കോളജിലെ വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ എം. രമ മാപ്പ് പറഞ്ഞിരുന്നു. വിദ്യാർഥികൾക്കെതിരായ പരാമർശങ്ങളിൽ അവർക്കുണ്ടായ മാനസിക വിഷമത്തിനും, കോളജിന്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം അറിയിക്കുകയാണെന്ന് എം. രമ പറയുന്നു. ചില വിദ്യാർഥികളെ കുറിച്ചുള്ള പരാമർശം മൊത്തം വിദ്യാർഥികളെയും ബാധിച്ചുവെന്നും എസ് എഫ് ഐ തനിക്കെതിരെ നടത്തുന്ന അപവാദം പ്രചാരണം വിശ്വാസത്തിലെടുക്കരുതെന്നും വാർത്ത കുറിപ്പിലൂടെ മുൻ പ്രിൻസിപ്പൽ എം. രമ അറിയിച്ചു.

കോളേജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു ചാനൽ ലേഖകന് ഞാൻ നൽകിയ അഭിമുഖം തൻ്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കോളേജിലെ എൻ്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ ഞാൻ ചാനൽ ലേഖകനോട് സംസാരിച്ചത് എൻ്റെ മാത്രം ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും തനിക്കുണ്ട്. തൻ്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണെന്നും അവർ വാർത്ത കുറിപ്പിൽ പറയുന്നു
