മുണ്ടക്കയം പുത്തൻ ചന്തയിൽ മലഞ്ചരക്ക് കടയിൽ മോഷണം. തോപ്പിൽ സജീവ് ഭാസ്ക്കരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ച് കുത്തിതുറന്നാണ് 85000 രൂപയും ലക്ഷകണക്കിന് രൂപയുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നത്.

രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതി പത്രി, കൊക്കോ അടക്കം ഇതോടൊപ്പം മോഷ്ടിക്കപ്പെട്ടു.

ഏകദേശം 3 ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്.

സി സി ടി വി ക്യാമറകളുടെ കേബിളുകൾ മുറിച്ച് നശിപ്പിച്ച മോഷ്ടാവ് ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി വി ആറും കവർന്നു.

ബുധനാഴ്ച വൈകിട്ട് ഏഴേകാലോടെ അടച്ച കട രാവിലെ എട്ടേകാലോടെ തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണവിവരം അറിയുന്നത്.

തുടർന്ന് പോലീസിൽ വിവരമറിച്ചതോടെ വിരലടയാള വിദഗ്ധരും, ഡോഗ്സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു.

കടയുടെ ഷട്ടർ കുത്തിതുറക്കാനുപയോഗിച്ചു എന്ന് കരുതുന്ന പിക്കാസ് സമീപത്ത് നിന്ന് തന്നെ കണ്ടെത്തി.
