ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതർ പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസർവിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. അതേസമയം പുതിയ നീക്കം തടവിലാക്കപ്പെട്ട ബന്ദികളുടെ ജീവൻ അപടത്തിലാക്കാമെന്ന മുന്നറിയിപ്പും സൈനിക മേധാവിമാർ ഇസ്രയേൽ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.
അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ പ്രദേശം സന്ദർശിക്കുന്നതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും അതുവരെ ഹമാസുമായി വെടിനിർത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാധാരണക്കാരെ തെക്കൻ ഗാസയിലേക്ക മാറ്റി നിയന്ത്രണം പൂർണ്ണമായും ഐഡിഎഫ് ഏറ്റെടുക്കും. മാനുഷിക സഹായം നടത്താൻ ഹമാസിനെ അനുവദിക്കില്ലെന്നും ഐഡിഎഫ് മേധാവി പറഞ്ഞു. ഒറ്റയടക്കിന് ഗാസ പിടിച്ചെടുക്കുന്ന പദ്ധതിയല്ല ഉള്ളത്. ആദ്യം ഒരു പ്രദേശം കേന്ദ്രീകരിച്ചും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ പറഞ്ഞു. പോരാട്ടം ചില മാസങ്ങൾ നീണ്ടുനിൽക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വ്യാപക വിമർശനങ്ങൾ രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ബാക്കി 59 പേരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള പുതിയ കരാറിനായുള്ള അന്താരാഷ്ട്ര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ബന്ദികളിൽ 24 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. മാർച്ച് 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഇതുവരെ ഒരു ബന്ദിയേയും മോചിപ്പിക്കാനായിട്ടില്ല. രണ്ട് മാസത്തോളമായി മാനുഷിക സഹായങ്ങളടക്കം തടഞ്ഞുകൊണ്ടാണ് ഇസ്രയേൽ ഹമാസിനുമേലുള്ള സമ്മർദ്ദം ശക്തമാക്കി കൊണ്ടിരിക്കുന്നത്.