Tuesday, May 6, 2025

യുഎൻ രക്ഷാസമിതിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളുമായി ഇന്ത്യ: ഇതൊരു ആഗോള പ്രശ്‌നമാണെന്ന തരത്തിൽ വിഷയം ചർച്ചയാക്കും

TOP NEWSINDIAയുഎൻ രക്ഷാസമിതിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളുമായി ഇന്ത്യ: ഇതൊരു ആഗോള പ്രശ്‌നമാണെന്ന തരത്തിൽ വിഷയം ചർച്ചയാക്കും

പാകിസ്‌താനെതിരെ നയതന്ത്രതലത്തിൽ പുതിയ നീക്കവുമായി ഇന്ത്യ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാകിസ്‌താൻ ഐക്യരാഷ്ട്രസഭ (യുഎൻ) രക്ഷാസമിതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ചർച്ചയിൽ പാകിസ്‌താനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന തരത്തിലാണ് പാകിസ്‌താൻ യു.എൻ രക്ഷാസമിതിയെ സമീപിച്ചത്. എന്നാൽ, രക്ഷാസമിതിയുടെ യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരാക്രമണവും അതിൽ പാകിസ്‌താൻ്റെ പങ്കും പാക് പിന്തുണയുള്ള ഭീകരവാദികളുടെ പ്രവർത്തനങ്ങളും ഇന്ത്യ ചർച്ചയാക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിയായ പാകിസ്‌താനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. യു.എൻ രക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ 13 പേരുടെയും പിന്തുണ ഇതിനോടകം ഇന്ത്യ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാസമിതി അംഗമായ പാകിസ്‌താന് പിന്തുണ സ്ഥിരാംഗമായ ചൈനയിൽ നിന്ന് മാത്രമേ ലഭിക്കൂവെന്നാണ് സൂചന. ഇന്ത്യ-പാകിസ്‌താൻ തർക്കം മാത്രമല്ല ഇതൊരു ആഗോള പ്രശ്‌നമാണെന്ന തരത്തിൽ ഇന്ത്യ വിഷയം ചർച്ചയാക്കും. ലഷ്‌കർ-ഇ-തായ്‌ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദസംഘടനകൾക്ക് പാകിസ്‌താന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് രക്ഷാസമിതിയിൽ കൂടുതൽ ചർച്ചയാക്കും.

രക്ഷാസമിതി യോഗത്തിൽ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പാകിസ്‌താൻ വിശദീകരിക്കും. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന വാദമാകും പാകിസ്‌താൻ ഉയർത്തുക. ഇതിനൊപ്പം സിന്ധുനദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടികളും വേദിയിൽ ചർച്ചയാക്കാൻ പാകിസ്‌താൻ ഉദ്ദേശിക്കുന്നുണ്ട്. 2021-2022 വർഷത്തിൽ ഇന്ത്യ രക്ഷാസമിതിയിലെ താത്കാലിക അംഗമായിരുന്നു. ഈ സമയത്ത് ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾക്ക് നിരന്തര ഇടപെടലുകൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാകും രക്ഷാസമിതിയിലെ ചർച്ചയിലുണ്ടാകുക. പാശ്ചാത്യ രാജ്യങ്ങളുടെയും ഗ്ലോബൽ സൗത്തിനെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെയും പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

പാകിസ്‌താനെ ഒറ്റപ്പെടുത്തുക മാത്രമല്ല ഇന്ത്യയുടെ ലക്ഷ്യം, മറിച്ച് രക്ഷാസമിതി സ്ഥിരാംഗമാകാനുള്ള എല്ലാതരത്തിലും അവകാശമുള്ള ഉത്തരവാദപ്പെട്ട രാഷ്ട്രമെന്ന നിലയിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. വിഷയം ഒരു സുഹൃദ് രാജ്യത്തെ കൊണ്ടാകും സമിതിയിൽ ഉന്നയിക്കുക. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള തർക്കങ്ങൾ ഷിംല കരാറിൻ്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്ന വാദമുയർത്തി പലപ്പോഴും ഇത്തരം ചർച്ചകൾ പാകിസ്‌താൻ്റെ സുഹൃത്തായ ചൈന വീറ്റോ ചെയ്യുകയാണ് പതിവ്. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും ഇന്ത്യ ഒരുക്കുന്നുണ്ട്. കശ്‌മീരിർ പ്രശ്നം ഒരു പ്രാദേശിക തർക്കമല്ലെന്നും അത് ഭീകരവാദത്തിലൂന്നിയ ആഗോള പ്രശ്നമാണെന്നും ഇന്ത്യ രക്ഷാസമിതിയിൽ സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ നയതന്ത്ര തലത്തിൽ പാകിസ്‌താനെതിരെ കൂടുതൽ സമ്മർദ്ദമുണ്ടാക്കുകയാണ് ലക്ഷ്യം.

spot_img

Check out our other content

Check out other tags:

Most Popular Articles