Wednesday, April 30, 2025

മാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ – വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

CRIMEമാലയിൽ പുലിപ്പല്ല്: മുൻപരിചയമില്ല, ആരുടേയോ കെയർ ഓഫിൽ വന്നതാ - വേടനെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വർണ്ണപ്പണി ചെയ്യുന്ന സന്തോഷ് എന്നയാളുടെ വീടിനോട് ചേർന്നുള്ളതാണ് ജുവലറി.

‘മുൻപരിചയമില്ല. ആരുടേയോ കെയർ ഓഫിൽ വന്നതാണ്. വേടനാണെന്ന് എനിക്ക് മനസിലായിരുന്നില്ല. പുലിപ്പല്ലാണെന്ന് മനസിലായിരുന്നില്ല. കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖുകെട്ടുന്നതുപോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത്’, തെളിവെടുപ്പിന് ശേഷം സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

പരമ്പരാഗതമായി ശംഖ്, മാല എന്നിവ കെട്ടിക്കൊടുക്കുന്ന സരസ ജുവലറിയിൽ എട്ടുമാസംമുമ്പാണ് വേടൻ എത്തി പുലിപ്പല്ലുകൊണ്ടുള്ള ലോക്കറ്റ് നിർമിച്ചത്. രൂപമാറ്റം ചെയ്യാനായി തനിക്ക് 1000 രൂപയിൽ താഴെയാണ് കൂലി നൽകിയതെന്ന് സന്തോഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പുലിപ്പല്ലാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സന്തോഷ് പറഞ്ഞു.

രാവിലെ ആറരയോടെയാണ് കോടനാടുനിന്ന് വനംവകുപ്പ് സംഘം വേടനുമായി വിയ്യൂരിലേക്ക് തിരിച്ചത്. വേടൻ്റെ സാന്നിധ്യത്തിൽ സന്തോഷിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു.

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടനെ രണ്ടുദിവസത്തേക്ക് വനംവകുപ്പിൻ്റെ കസ്റ്റഡിയിൽവിട്ടിരുന്നു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന വനംവകുപ്പിൻ്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി അനുവദിച്ചത്. വേടൻ്റെ ജാമ്യാപക്ഷ മേയ് രണ്ടിന് കോടതി പരിഗണിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles