പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക് ഇത്രയും അളവിൽ മദ്യം കുടിച്ചതെന്ന് പോലീസ് പറഞ്ഞു. അഞ്ചുകുപ്പി മദ്യം വെള്ളം ചേർക്കാതെ കുടിച്ചാൽ പതിനായിരം രൂപ നൽകാമെന്ന് സുഹൃത്തായ വെങ്കട്ടറെഡ്ഡിയാണ് കാർത്തിക്കിനോട് പറഞ്ഞത്. പന്തയം ഏറ്റെടുത്ത കാർത്തിക് വെള്ളം ചേർക്കാതെ മദ്യം കുടിക്കുകയും ഇതിനുപിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
21-കാരനായ കാർത്തിക് ഒരുവർഷം മുമ്പാണ് വിവാഹിതനായത്. ഒൻപതുദിവസം മുമ്പ് കാർത്തിക്കിനും ഭാര്യയ്ക്കും പെൺകുഞ്ഞ് ജനിച്ചിരുന്നു. സംഭവത്തിൽ മുൽബഗൽ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.DEATH