Wednesday, April 30, 2025

ഉന്നതതല യോഗം: തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സേനയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

TOP NEWSINDIAഉന്നതതല യോഗം: തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സേനയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ത‌ാന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നൽകിയതായാണ് സൂചന.

ബുധനാഴ്ച സുരാക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി യോഗവും കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ചൊവ്വാഴ്‌ച വൈകിട്ട് ഉന്നതതല യോഗം ചേർന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെതന്നെ ഉന്നതല കൂടിക്കാഴ്ചകൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, സംയുക്ത സേനാമേധാവി അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും സംയുക്ത സേനാമേധാവിയും സൈനിക മേധാവിമാരും അടക്കമുള്ളവർ കൂടിക്കാഴ്ച നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് സുരക്ഷാ കാര്യങ്ങൾക്കുള്ള പാർലമെന്റ് ക്യാബിനറ്റ് ഉപസമിതി യോഗം.

പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. വാഗ- അട്ടാരി ബോർഡർ അടക്കുകയും സിന്ധു നദി ജലക്കരാർ റദ്ദാക്കുന്ന നടപടികളുമായി ഇന്ത്യ മുമ്പോട്ട് പോയി. ഇന്ത്യയുടെ തിരിച്ചടി ഭയന്ന പാകിസ്താൻ സൈനിക ശക്തി വർധിപ്പിക്കുന്ന നടപടികളിലേക്കടക്കം കടന്നിരുന്നു. ഇന്ത്യൻ സൈന്യം പാകിസ്‌താനുനേരെ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖവാല മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പാകിസ്‌താനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയുംചെയ്‌തു. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്നും പഹൽഗാമിൽ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാകിസ്‌താന്റെ നിലപാട്.

spot_img

Check out our other content

Check out other tags:

Most Popular Articles