പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ അറസ്റ്റിലായ റാപ്പ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്‌തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് കുറിച്ചു.
‘വേടൻ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം.’ -ഷഹബാസ് കുറിച്ചു.
പുലിപ്പല്ല് കൈവശംകെച്ച കേസിൽ നേരത്തെതന്നെ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ളാറ്റിൽ തിങ്കളാഴ്ച്‌ച പോലീസ് നടത്തിയ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഒൻപതര ലക്ഷം രൂപയുമായിരുന്നു കണ്ടെടുത്തത്. ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും, വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.