റെക്കോഡുകൾ തകർത്തെറിഞ്ഞാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി എന്നിങ്ങനെ ഒരുപിടി നേട്ടങ്ങൾ വൈഭവ് സ്വന്തംപേരിലാക്കി. 38 പന്തിൽ 101 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ വിജയമുറപ്പിച്ചിരുന്നു. സെഞ്ചുറിക്ക് പിന്നാലെ ക്രിക്കറ്റ് ലോകമൊന്നടങ്കം വൈഭവിനെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇപ്പോഴിതാ തന്റെ നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന് പറയുകയാണ് വൈഭവ്. ഐപിഎൽ എക്സിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ആണ് വൈഭവിന്റെ തുറന്നുപറച്ചിൽ.
‘ഞാൻ ഇന്ന് എന്താണോ, അതിന് എന്റെ മാതാപിതാക്കളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എനിക്ക് പരിശീലനത്തിന് പോകേണ്ടതിനാൽ എന്റെ അമ്മ നേരത്തെ എഴുന്നേൽക്കുകയും എനിക്കുവേണ്ടി ഭക്ഷണം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. രാത്രി 11 മണിക്ക് ഉറങ്ങി രണ്ട് മണിക്ക് എഴുന്നേൽക്കും. അവർ മൂന്ന് മണിക്കൂർ മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ.’-വൈഭവ് പറഞ്ഞു.
‘എന്റെ അച്ഛൻ എനിക്കുവേണ്ടി അദ്ദേഹത്തിൻ്റെ ജോലി ഉപേക്ഷിച്ചു, ഇപ്പോൾ എന്റെ ജ്യേഷ്ഠനാണ് അത് നോക്കുന്നത്. ഞങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നു. അച്ഛൻ എന്നെ പിന്തുണച്ചു. എനിക്ക് അത് നേടാൻ കഴിയുമെന്ന് പറഞ്ഞു. ഇന്ന് ഞാൻ നേടിയ വിജയത്തിന് കാരണം എൻ്റെ മാതാപിതാക്കളാണ്.’- വൈഭവ് കൂട്ടിച്ചേർത്തു.