ഷാജി എൻ. കരുണിന്റെ വേർപാട് ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് വലിയ നഷ്ടമാണെന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. സംവിധായകൻ എന്നുള്ള നിലയിലുള്ള അംഗീകാരത്തിനും സ്വീകാര്യതയ്ക്കും പുറമേ ഛായാഗ്രാഹകനെന്ന നിലയിൽ അവിതർക്കിത പ്രാഗത്ഭ്യം ഉണ്ടായിരുന്നയാളാണ് ഷാജി എൻ.കരുണെന്നും എം.എ. ബേബി അനുസ്‌മരിച്ചു.
‘ഷാജി എൻ.കരുൺ നമുക്കറിയുന്നതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളാണ്. സംവിധായകനെന്ന നിലയിൽ പ്രശസ്തനാവുന്നതിന് മുമ്പ് അദ്ദേഹം അരവിന്ദൻ സിനിമകളുടെയും മറ്റ് പ്രഗത്ഭരമായ ഒട്ടേറെപ്പേരുടെ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച വ്യക്തിയായി വലിയ പ്രശസ്തി നേടിയിട്ടുണ്ട്. പിറവി മുതൽ അദ്ദേഹം സംവിധായകനെന്ന നിലയിലും അംഗീകാരം നേടുകയുണ്ടായി. പുരോഗമനകലാസാഹിത്യ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. സംഘടനയുടെ അധ്യക്ഷൻ എന്ന നിലയ്ക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ നമുക്ക് നഷ്ടമായത്.’
‘ഇടതുപക്ഷജനാധിപത്യഗവൺമെന്റിന്റെ കാലത്ത് കേരളചലച്ചിത്രവികസന കോർപ്പറേഷൻറെ ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. സംവിധായകൻ എന്നുള്ള നിലയിലുള്ള അംഗീകാരവും സ്വീകാര്യതയും എന്നതിന് പുറമേ ഛായാഗ്രാഹകനെന്ന നിലയിൽ അവിതർക്കിത പ്രാഗത്ഭ്യവും. ചലച്ചിത്രവികസന കോർപ്പറേഷൻറെ നേതൃത്വത്തിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമിക്കപ്പെടും.’- എം.എ. ബേബി പറഞ്ഞു.
‘അടൂർ ഗോപാലകൃഷ്ണനെപ്പോലെ ലോകപ്രശസ്തതനായ ചലച്ചിത്രപ്രതിഭയെ കൊണ്ട് പുരോഗമനകലാസാഹിത്യ സംഘത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യിക്കുന്നതിൽ ഷാജി എൻ.കരുണിൻ്റെ ഉത്സാഹവും പങ്കാളിത്തവും ഞാൻ ഓർക്കുകയാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിനുതന്നെ വലിയ നഷ്‌മാണ് ഷാജി എൻ. കരുണിൻ്റെ വേർപാടെന്നും ദുഃഖവും അനുശോചനവും അറിയിക്കുന്നതായും എം.എ. ബേബി പറഞ്ഞു.