മാർച്ചിൽ റിലീസ് ചെയ്‌ത മലയാള സിനിമകളുടെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. മാർച്ചിൽ റിലീസ് ചെയ്‌ത 15 സിനിമകളുടെ നിർമാണചെലവും ഇവയ്ക്ക് തിയേറ്ററിൽനിന്ന് ലഭിച്ച കളക്ഷൻ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ റിലീസ് ചെയ്‌ത ഭൂരിഭാഗം ചിത്രങ്ങളും പരാജയമാണെന്ന കണക്ക് നേരത്തെ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ മാർച്ചിലെ നഷ്‌ടക്കണക്കുകൾ കൂടി പുറത്തുവന്നിരിക്കുന്നത്.
മാർച്ചിൽ ആകെ 15 സിനിമകളാണ് റിലീസായത്. ഇതിൽ സിനിമകളുടെ ബജറ്റ് തുകയും തിയേറ്റർ വിഹിതവും അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമായിരുന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയാണ്.
മറുവശം, ഔസേപ്പിൻ്റെ ഒസ്യത്ത്, പരിവാർ, പ്രളയശേഷം ഒരു ജലകന്യക, വടക്കൻ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ലെന്നാണ് കണക്കുകളിൽ പറയുന്നത്. തുടർന്ന് മാർച്ച് 14-ന് തീയേറ്ററിലെത്തിയ ആരണ്യം, ദാസേട്ടൻ്റെ സൈക്കിൾ, കാടകം, ലീച്ച്, രാക്ഷസി; ദ ലേഡി കില്ലർ, ഉത്തവർ, വെയിറ്റിങ് ലിസ്റ്റ് എന്നീ സിനിമകളിൽ അഞ്ച് സിനിമകൾക്കും ലഭിച്ച തിയേറ്റർ കളക്ഷനും ബജറ്റിനും വളരെ താഴെയാണ്. ഇതിൽ, ഉത്തവർ, വെയിറ്റിങ് ലിസ്റ്റ് എന്നീ ചിത്രങ്ങളുടെ ബജറ്റ് സംബന്ധിച്ച കണക്കുകൾ പുറത്തിവിട്ടിട്ടില്ല.
മാർച്ച് അവസാന വാരമാണ് പൃഥ്വിരാജ്-മോഹൻലാൽ ടീമിൻ്റെ എമ്പുരാനും അഭിലാഷവും തിയേറ്ററിലെത്തുന്നത്. 175 കോടി ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ അഞ്ച് ദിവസംകൊണ്ട് 24 കോടി രൂപ കേരളത്തിൽ നിന്നുള്ള തിയേറ്ററുകളിൽ നിന്ന് കളക്ഷൻ നേടിയതായാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്ന കണക്കിൽ പറയുന്നത്. ഒ.ടി.ടി. റീലീസിന് ശേഷവും ചില തിയേറ്ററുകളിൽ ഇപ്പോഴും എമ്പുരാൻ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ, മാർച്ച് മാസത്തിൽ അഭിലാഷത്തിന് നേടാനായത് വെറും 15 ലക്ഷം രൂപ മാത്രമാണ്.