‘തുടരും’ സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളിൽ നന്ദി അറിയിച്ച് മോഹൻലാൽ. ചിത്രത്തോടുള്ള പ്രേക്ഷകരുടെ ഹൃദയംഗമമായ പ്രതികരണങ്ങൾ തന്നെ ആഴത്തിൽ സ്‌പർശിച്ചുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
“തുടരും’ സിനിമയോടുള്ള സ്നേഹവും ഹൃദയംഗമമായ പ്രതികരണങ്ങളും എന്നെ ആഴത്തിൽ സ്‌പർശിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലാണ് ഓരോ സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്നെവന്ന് തൊടുന്നത്. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്നേഹത്തോടെ സ്വീകരിച്ചതിന് നന്ദി. ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയിൽ ഓരോ ഫ്രെയ്‌മിനും സ്നേഹവും പ്രയത്നവും ആത്മാവും പകർന്ന് എനിക്കൊപ്പം നടന്ന ഓരോ വ്യക്തികളുടേതുമാണ്.
രഞ്ജിത്ത് എം, തരുൺ മൂർത്തി. കെ.ആർ. സുനിൽ, ശോഭന, ബിനു പപ്പു. പ്രകാശ് വർമ, ഷാജി കുമാർ, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിർമിച്ചത്. ഇത്രയും ആഴത്തിൽ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവർക്കും ഹൃദയംഗമമായ നന്ദി. എന്നെന്നും സ്നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹൻലാൽ’, എന്നായിരുന്നു മോഹൻലാലിൻ്റെ കുറിപ്പ്.
നിലവിൽ സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വ’ത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പുണെയിലാണ് മോഹൻലാൽ. പുണെയിൽ താരം ‘തുടരും’ കാണാൻ എത്തിയതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എം. രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്‌ത ‘തുടരും’ മോഹൻലാലിൻ്റെ 360-ാം ചിത്രമാണ്. കെ.ആർ. സുനിലിൻ്റേതാണ് ചിത്രത്തിന്റെ കഥ. തരുണും സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണവും നിഷാദ് യൂസഫും ഷെഫീഖ് വി.ബിയും ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. 20 വർഷങ്ങൾക്കുശേഷം ശോഭനയും മോഹൻലാലും ജോഡികളായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.