ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോർട്ട്. 2011-12 വർഷത്തിൽ ഇന്ത്യയിലെ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ജനസംഖ്യയുടെ 16.2% പേരായിരുന്നു. എന്നാൽ, പത്തു വർഷത്തിനിപ്പുറം, 2022-23 വർഷത്തിൽ, അതിദ്രരുടെ എണ്ണം 2.3 ശതമാനമായി കുറഞ്ഞുവെന്നാണ് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ 17.1 കോടിയാളുകളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയെന്നാണ് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നത്. ദിവസം 2.15 ഡോളറിൽ(183 രൂപ) താഴെ മാത്രം വരുമാനം ലഭിക്കുന്നവരെയാണ് ലോകബാങ്ക് അതിദരിദ്രരായി കണക്കാക്കുക.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ദാരിദ്ര്യ നിർമാർജനത്തിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായത്. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് ഗ്രാമീണ മേഖലയിലെ അതിദാരിദ്ര്യത്തിന്റെ തോത് 18.4 ശതമാനത്തിൽനിന്ന് 2.8 ശതമാനമായി കുറഞ്ഞു. നഗരമേഖലയിലെ അതിദാരിദ്ര്യം 10.7 ശതമാനത്തിൽനിന്ന് 1.1 ശതമാനമായി കുറഞ്ഞു. ഗ്രാമീണ- നഗര മേഖലകളിൽ അതിദാരിദ്ര്യത്തിന്റെ അന്തരം 7.7 ശതമാനത്തിൽനിന്ന് 1.7 ശതമാനമായും കുത്തനെ കുറഞ്ഞു. ഇതുമാത്രമല്ല, ഇന്ത്യ താഴ്ന്ന – ഇടത്തരം വരുമാന വിഭാഗത്തിലേക്ക് ഉയർന്നുവെന്നും ലോകബാങ്ക് റിപ്പോർട്ട് പറയുന്നു.
താഴ്ന്ന ഇടത്തരം വരുമാനമനുസരിച്ചുള്ള ദാരിദ്ര്യനിരക്കും കുത്തനെ കുറഞ്ഞു. പ്രതിദിനം 3.75 ഡോളറിൽ താഴെ വരുമാനം ലഭിക്കുന്നവരെയാണ് താഴ്ന്ന ഇടത്തരം വരുമാന വിഭാഗമായി കണക്കാക്കുന്നത്. ഈ വിഭാഗത്തിലെ ദാരിദ്ര്യ നിരക്ക് 61.8 ശതമാനത്തിൽനിന്ന് 28.1 ശതമാനമായി കുറഞ്ഞു. 37.8 കോടി ആളുകളാണ് ദാരിദ്ര്യത്തിൽനിന്ന് മുക്തരായത്. ഗ്രാമീണമേഖലയിൽ ദാരിദ്ര്യം 69 ശതമാനത്തിൽനിന്ന് 32.5 ശതമാനമായും നഗരമേഖലയിൽ ദാരിദ്ര്യം 43.5 ശതമാനത്തിൽനിന്ന് 17.2 ശതമാനമായും കുറഞ്ഞു. ദാരിദ്ര്യത്തിലെ നഗര- ഗ്രാമ അന്തരം 25 ശതമാനത്തിൽനിന്ന് 15 ശതമാനമായും കുറഞ്ഞു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ അതിദരിദ്രരിൽ 54 ശതമാനവുമുള്ളത്. രാജ്യത്തെ സ്ത്രീകളിലുൾപ്പെടെയുള്ള തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതും സ്വയംതൊഴിൽ കണ്ടെത്തുന്നവരുടെ എണ്ണം കൂടിയതുമാണ് ദാരിദ്ര്യനിർമാർജനത്തിൽ വലിയ മാറ്റമുണ്ടാക്കിയത്. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 29 ശതമാനമാണെന്നത് വെല്ലുവിളിയാണെന്നും ലോകബാങ്ക് റിപ്പോർട്ടിലുണ്ട്. 25 കോടിയോളം ആളുകളെ ദാരിദ്ര്യത്തിൽ മുക്തരാക്കിയെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ അവകാശപ്പെട്ടിരുന്നു.