മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്.1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്.മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും, പൊലീസ് ഉൾപ്പെടെയുള്ള മറ്റ് സേനകളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. വിഷു, ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ വിപുലമായ പരിശോധനകളും നടപടികളും എക്സൈസ് തുടരുമെന്നും മന്ത്രി അറിയിച്ചു.

566.08 ഗ്രാം എംഡിഎംഎ, 121.01 ഗ്രാം ഹെറോയിൻ, 143.67 ഗ്രാം മെത്താഫെറ്റമിൻ, 215.47 ഗ്രാം ഹാഷിഷ്, 574.7 ഗ്രാം ഹാഷിഷ് ഓയിൽ, 16 ഗ്രാം ബ്രൌൺ ഷുഗർ, 2.4 ഗ്രാം എൽഎസ്ഡി, 54.97 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 286.65 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർന്ന ചോക്കലേറ്റ്, 59.4 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 22 ഗ്രാം ചരസ്, 96.8 ഗ്രാം കഞ്ചാവ് കലർന്ന ഭാങ് എന്നിവ പിടിച്ചെടുക്കാനായി.ഇതിന് പുറമേ 16997 ലിറ്റർ സ്പിരിറ്റ്, 290.25 ലിറ്റർ ചാരായം, 4486.79 ലിറ്റർ അനധികൃത വിദേശമദ്യം, 964.5 ലിറ്റർ വ്യാജകള്ള്, 11858 ലിറ്റർ വാഷ്, 4252.39 കിലോ പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി 1174 ഗ്രാം സ്വർണവും 1.41 കോടി രൂപയും 150 വെടിയുണ്ടകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. 3511 സ്കൂൾ പരിസരം, 1150 ബസ് സ്റ്റാൻഡ് പരിസരം, 328 റെയിൽവേ സ്റ്റേഷൻ പരിസരം, 469 ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിൽ മാർച്ച് മാസത്തിൽ പരിശോധന നടത്താൻ എക്സൈസിന് കഴിഞ്ഞു.
