ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് നിയമ മന്ത്രി എ കെ ബാലൻ. യുഡിഎഫ് നേതാക്കളും ജി സുകുമാരൻ നായരും വിശ്വാസത്തെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. ദൈവവിശ്വാസികൾ മുഴുവൻ യുഡിഎഫിന്റെ കീശയിൽ അല്ലെന്നും ബാലൻ.വോട്ടെടുപ്പ് തുടങ്ങിയ ഒരു മണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന സന്ദേശം യുഡിഎഫ് നേതാക്കളും എൻഎസ്എസ് നേതാവ് ജി സുകുമാരൻ നായരും നൽകിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തോൽപിക്കാനുള്ള ഗൂഢാലോചനയാണിത്.
ഇത് ഭരണഘടന വിരുദ്ധവും ആർപി ആക്ടിന് വിരുദ്ധവുമാണ്. മാധ്യമങ്ങൾ ഇത് പ്രദർശിപ്പിക്കുന്നത് തടയണം. യുഡിഎഫ് അവസാന ആയുധമായി വിശ്വാസത്തെ കണ്ടെത്തിയിരിക്കുന്നു. വികസനം പോലെയുള്ള വിഷയങ്ങൾ പറഞ്ഞ് വോട്ട് കിട്ടില്ലെന്ന മനസിലായ യുഡിഎഫിന്റെ അവസാന നീക്കമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും ബാലൻ. ഇതാണ് അവരുടെ കൈയിലുള്ള ബോംബെന്നും ബാലൻ ചൂണ്ടിക്കാട്ടി.