പൂഞ്ഞാർ: നിയോജക മണ്ഡലത്തിൻ്റെ സമഗ്ര പുരോഗതിക്കായി 1000 കോടിയുടെ നിക്ഷേപത്തിന് അവസരമൊരുക്കാൻ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയുടെ നേതൃത്വത്തിൽ വ്യവസായികളുടെ സംഗമം ജൂൺ 9 ന് സംഘടിപ്പിക്കുന്നു.
എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ട് ഒരു നിക്ഷേപ സംഗമം നടത്തുകയാണ്. 09.06.2025 തിങ്കളാഴ്ച ഈരാറ്റുപേട്ട നടക്കയ്ക്കലുള്ള ബർക്കത്ത് A/C ഓഡിറ്റോറിയത്തിൽ നടത്തുന്ന ഈ നിക്ഷേപ സംഗമത്തിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയുടെയെങ്കിലും നിക്ഷേപം എത്തിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സാഹചര്യങ്ങളും, സാധ്യതകളും കണക്കിലെടുത്ത് ടൂറിസം ഇൻഡസ്ട്രി, അഗ്രി ഫുഡ് പ്രോസസിംഗ്, ഐ.ടി സംരംഭങ്ങൾ, റബർ ബേസ്ഡ് ഇൻഡസ്ട്രീസ്,വുഡൻ ഇൻഡസ്ട്രി, സുഗന്ധവ്യഞ്ജനാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകുമ്പോഴും അനുയോജ്യമായ മറ്റ് എല്ലാത്തരം വ്യവസായ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതി നുമാണ് ലക്ഷ്യം വയ്ക്കുന്നത്. സമീപഭാവിയിൽ യാഥാർത്ഥ്യമായേക്കാവുന്ന എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ സാധ്യതകളും മുന്നിൽകണ്ടാണ് നിക്ഷേപ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

അതേപോലെതന്നെ പിൽഗ്രിം ടൂറിസം, ഫാം ടൂറിസം തുടങ്ങിയവയ്ക്കും വലിയ സാധ്യതകളാണ് നമ്മുടെ മുൻപിൽ ഉള്ളത്. ഇപ്പോൾ വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോബ് കൾച്ചർ സാർവത്രികമായിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ഹിൽ സ്റ്റേഷനുകളിൽ റിസോർട്ടുകൾ, ഫാം ഹൗസുകൾ, ഹോം സ്റ്റേകൾ മുതലായവ കേന്ദ്രീകരിച്ച് വർക്ക് സ്പേസുകൾ അറേഞ്ച് ചെയ്യുന്നത് നഗരവാസികളായ ഐടി പ്രൊഫഷണലുകളെ ഏറെ ആകർഷിക്കും എന്നുള്ളത് ഉറപ്പാണ്. അതും ലക്ഷ്യം വയ്ക്കുന്നുണ്ട്.ഈ ജൂൺ 9ന് നടക്കുന്ന നിക്ഷേപ സംഗമത്തിൽ ബഹു. മന്ത്രിമാരായ ശ്രീ. പി. രാജീവ്, ശ്രീ. വി.എൻ വാസവൻ, ശ്രീ. റോഷി അഗസ്റ്റിൻ, എംപിമാരായ ശ്രീ.ആന്റോ ആന്റണി, ശ്രീ. ജോസ് കെ. മാണി എന്നിവരും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഹേമലത പ്രേം സാഗർ തുടങ്ങി എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, കൂടാതെ ഉദ്യോഗസ്ഥ തലത്തിൽ നിന്നും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വകുപ്പ് ഡയറക്ടർ ശ്രീ.വിഷ്ണു രാജ് ഐഎഎസ്, കോട്ടയം ജില്ലാ കളക്ടർ ശ്രീ. ജോൺ വി. സാമുവൽ ഐഎഎസ് എന്നിവരും, കൂടാതെ ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളുടെയും ജില്ലാതല മേധാവികൾ ഉൾപ്പെടെയുള്ളവരും ഈ സംഗമത്തിൽ പങ്കെടുക്കും. നിക്ഷേപ സംഗമത്തിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത് വിശ്വസഞ്ചാരി ശ്രീ. സന്തോഷ് ജോർജ് കുളങ്ങര, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. ടി. കെ ജോസ് ഐഎഎസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ശ്രീ.അനൂപ് അംബിക എന്നിവരാണ്.

വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് സംരംഭകരുമായി മുഖാമുഖത്തിലും പങ്കെടുക്കും. സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് താല്പര്യ പത്രങ്ങൾ സമർപ്പിക്കാവുന്നതാണ്. കൂടാതെ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച വിശദീകരണങ്ങളും , വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ചും ധനകാര്യ സ്ഥാപനങ്ങൾ മുഖേനയുള്ള മൂലധനം സ്വരൂപണം സംബന്ധിച്ചും വിശദമായ പ്രതിപാദനങ്ങൾ നിക്ഷേപ സംഗമ വേദിയിൽ ഉണ്ടാകും. കൂടാതെ ഹെൽപ്പ് ഡെസ്കുകളും, സ്റ്റാളുകളും ക്രമീകരിക്കപ്പെടും.
നാടിന്റെ വളർച്ചയ്ക്ക്, വളരുന്ന തലമുറയുടെ ശോഭനമായ ഭാവിക്ക് ഈ നിക്ഷേപ സംഗമ വിജയത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
