നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇഡി). ഇവർ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റൗസ് അവന്യൂ കോടതിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമർശം.
ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുമ്പോഴാണ് ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ(എഎസ്‌ജി) എസ് വി രാജു കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് എഎസ്‌ജി പറഞ്ഞു.

നാഷണൽ ഹെറാൾഡ് വിഷയത്തിൽ കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങൾക്കിടെയാണ് സ്പെഷ്യൽ ജഡ്‌ജി വിശാൽ ഗോഗ്നെയ്ക്ക് മുമ്പാകെ ഇഡി ഈ വാദം ഉന്നയിച്ചത്.
അതേസമയം, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് കേസിന്റെ കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ ജഡ്‌ജി ഇഡിക്ക് നിർദ്ദേശം നൽകി. സുബ്രഹ്മണ്യൻ സ്വാമിയുടെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്.