രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു. ഈ സംവിധാനം മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമാണം പൂർണ്ണമായാൽ ഗോൾഡൻ ഡോമിന് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽനിന്നോ ബഹിരാകാശത്തുനിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെ പോലും തടയാൻ കഴിയും. രാജ്യത്തിൻ്റെ വിജയത്തിനും നിലനിൽപ്പിനും ഇത് വളരെ പ്രധാനമാണ്.’ ട്രംപ് പറഞ്ഞു. യുഎസ് ബഹിരാകാശ സേന ജനറൽ മൈക്കിൾ ഗെറ്റ്ലീൻ പദ്ധതിക്ക് നേതൃത്വം നൽകും. കാനഡ ഇതിന്റെ ഭാഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ അധിഷ്‌ഠിത സെൻസറുകളും ഇൻ്റർസെപ്റ്ററുകളും ഉൾപ്പെടെ കരയിലും കടലിലും ബഹിരാകാശത്തും അടുത്ത തലമുറ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് ട്രംപ് പറയുന്നു. ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രതിരോധ സംവിധാനമെന്ന് പെൻ്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി.
അതേസമയം, റഷ്യയും ചൈനയും പദ്ധതിയെ എതിർത്തു. പദ്ധതി ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സമീപ വർഷങ്ങളിൽ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിൽ അമേരിക്കയുടെ നേട്ടം വലുതാണ്. യുക്രൈനിൽ നൂതന റഷ്യൻ മിസൈലുകളെ നേരിടാൻ യുഎസ് സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇറാൻ ആക്രമണങ്ങളിൽനിന്ന് ഇസ്രയേലിനെ പ്രതിരോധിക്കാൻ അമേരിക്കൻ വിമാനങ്ങളും യുദ്ധക്കപ്പലുകളും സഹായിക്കുകയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ കപ്പലുകൾക്ക് നേരെ തൊടുത്ത മിസൈലുകളും ഡ്രോണുകളും വെടിവച്ചിടുകയും ചെയ്തിരുന്നു.