സംസ്ഥാന സർക്കാരിൻ്റെ പിടിവാശിക്കുമുന്നിൽ തളരാതെ ആശവർക്കർമാരുടെ സമരവേദിയിൽ നോവിൻ്റെ നൂറ് തീപ്പന്തം ഉയർന്നു. സംസ്ഥാന സർക്കാർ ആഘോഷത്തോടെ അഞ്ചാംവർഷത്തിലേക്ക് കടന്ന ചൊവ്വാഴ്ചയാണ് സമരത്തിൻ്റെ 100-ാം ദിനത്തിൽ പ്രതിഷേധജ്വാല ഉയർന്നത്. സെക്രട്ടേറിയറ്റിനുമുന്നിൽ ആശപ്രവർത്തകർ മാർച്ചും നടത്തി.
മനഃസാക്ഷിയുള്ളവരെല്ലാം ആശമാർക്കൊപ്പമാണെന്നും അവരുടെ പോരാട്ടത്തിന്റെ അലയൊലി ഇതിനോടകം രാജ്യമൊട്ടാകെ എത്തിക്കഴിഞ്ഞെന്നും കവയിത്രി റോസ് മേരി സമരം ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു.

ജനമനസ്സ് ആശമാരുടെ ധർമസമരത്തിന് കൂടെയുള്ളപ്പോൾ അവർ നിരാശരാകേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന് പുറമേ കേരളമാകെ സഞ്ചരിച്ചുള്ള സമരയാത്ര 16 ദിവസം പിന്നിട്ടു.
കോടികൾ ചെലവഴിച്ച് തുടർഭരണത്തിൻ്റെ ആഘോഷം നടത്തുന്ന സർക്കാർ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ലക്ഷ്യം നേടുംവരെ മുന്നോട്ടുപോകുമെന്നും ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം അനുവദിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി പത്തിനാണ് ആശപ്രവർത്തകർ സമരം തുടങ്ങിയത്.