കോഴിക്കോട് മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാം വാർഷികദിനത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇ.ഡി ഉദ്യോഗസ്‌ഥൻ കൈക്കുലി വാങ്ങിയെന്ന സംഭവം കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത ഉറപ്പിക്കാൻ ഏജൻസിയുടെ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ദേശീയപാതയിൽ ചിലയിടത്തുണ്ടായ തകർച്ച നിർഭാഗ്യകരമാണ്. ഇതിൽ ദേശീയ പാത അതോറിട്ടിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. നമ്മുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് നിർമാണം നടത്തുന്നതിൽ വീഴ്‌ചകളുണ്ടായിട്ടുണ്ടോ എന്നതാകും ദേശീയ പാത അതോറിട്ടിയുമായുള്ള ചർച്ചയിൽ വിലയിരുത്തി പരിഹരിക്കുക.