Wednesday, May 21, 2025

മാറ്റം പ്രകടം, ജനങ്ങൾ അനുഭവിച്ചറിയുന്നു: ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ നിശബ്‌ദരായി – മുഖ്യമന്ത്രി പിണറായി വിജയൻ

TOP NEWSKERALAമാറ്റം പ്രകടം, ജനങ്ങൾ അനുഭവിച്ചറിയുന്നു: ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ നിശബ്‌ദരായി - മുഖ്യമന്ത്രി പിണറായി വിജയൻ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പൂർത്തീകരിച്ച വേളയിൽ ഒന്നും രണ്ടും എൽഡിഎഫ് സർക്കാരുകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റം പ്രകടമാണെന്നും ജനങ്ങൾ അത് അനുഭവിച്ചറിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവരൊക്കെ ഇപ്പോൾ നിശബ്ദരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടർച്ചയുള്ള ഒമ്പത് വർഷമാണ് പിന്നിട്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളുടെ പ്രവർത്തന പുരോഗതി എല്ലാവർഷവും പൊതുജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന വാർഷിക ആഘോഷ സമാപന റാലിയിൽ ഈ വർഷത്തെ പ്രോഗസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കോവിഡ് പ്രതിസന്ധികളെയും സാമ്പത്തിക രംഗത്തെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ സൃഷ്ടിക്കുന്ന ബിദ്ധിമുട്ടും അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. മാറ്റങ്ങൾ പ്രകടമാണ്. അത് നാട്ടിലെ ജനങ്ങൾ അവരവരുടെ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഒരു ഘട്ടത്തിലുണ്ടായിരുന്നു. അത് തീർത്തും അപ്രത്യക്ഷമായി. അങ്ങനെ വെല്ലുവിളിച്ചവരൊക്കെ നിശബ്‌ദരായി. വിഴിഞ്ഞം യാഥാർഥ്യമാക്കാനായി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടെങ്കിലും നിർമാണം നൂറു ശതമാനം തീർത്തത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് സർക്കാരിൻ്റെ അലംഭാവം കാരണം വഴിമുട്ടിനിന്ന ഒട്ടേറ പദ്ധതികളുണ്ടായിരുന്നു.

അതിലൊന്നാണ് ദേശീയപാത വികസനം. എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തികൊണ്ട് മാത്രമാണ് അത് പൂർത്തീകരിച്ചത്. ഇഴഞ്ഞുനീങ്ങിയ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിന് സമർപ്പിക്കാനായി. അസാധ്യമെന്ന് പലരും വെല്ലുവിളിച്ച യുഡിഎഫ് ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും പൂർത്തിയാക്കി. വൈദ്യുതി പ്രസരണരംഗത്തും കാർഷിക-വ്യാവസായിക രംഗത്തും വൻകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയ ഇടമൺ കൊച്ചി പവർഹൈവേയും സർക്കാർ പൂർത്തീകരിച്ചു. കേരളത്തിൻ്റെ മുഖഛായമാറ്റുന്ന വൻ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.

2016 മുതൽ ഇതുവരെ 2,80,934 ഉദ്യോഗാർഥികൾക്ക് പിഎസ്‌സി വഴിനിയമനം നൽകി. ലൈഫ് മിഷൻ പദ്ധതിയിലൂടെ 4,51,631 വീടുകൾ പൂർത്തീകരിച്ച് നൽകാനായി. എൽഡിഎഫ് അധികാരത്തിൽ വന്നശേഷം 4,00,956 പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്‌തത്‌. 2,23,945 പട്ടയങ്ങൾ 2021ന് ശേഷം വിതരണം ചെയ്‌തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹികക്ഷേമ പെൻഷൻ 600 രൂപയിൽനിന്ന് 1600യിലേക്കെത്തി. 60 ലക്ഷം പേർക്ക് ഇപ്പോൾ എല്ലാ മാസവും നൽകി വരുന്നുണ്ട്. യുഡിഎഫ് സർക്കാർ 18 മാസത്തെ പെൻഷൻ കുടിശ്ശികയാക്കിയാണ് പോയത്. രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം.

ജനക്ഷേമ നടപടികളിലൂടെ വിപണയിൽ കൃത്യമായി ഇടപെടുന്നതുകൊണ്ടാണ് കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം യാഥാർഥ്യമാക്കാൻ കേരളജനത മുഴുവൻ സർക്കാരിനൊപ്പമുണ്ട്. ജനങ്ങൾ നൽകുന്ന കരുത്താണ് സർക്കാരിൻ്റെ ഊർജമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

spot_img

Check out our other content

Check out other tags:

Most Popular Articles