ദേശീയപാതയിൽ തലപ്പാറ ഭാഗത്ത് റോഡിൽ വിള്ളൽ. നിർമാണം പൂർത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്‌ച രാവിലെ മീറ്ററുകളോളം നീളത്തിൽ വിള്ളൽകണ്ടത്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. സർവീസ് റോഡ് വഴിയാണ് നിലവിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.
കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകർന്നുവീണ കൂരിയാടിന് നാലുകിലോമീറ്ററോളം അകലെയാണ് വിള്ളൽ കണ്ടെത്തിയ തലപ്പാറ പ്രദേശം. വിവരമറിഞ്ഞ് തിരൂരങ്ങാടി പോലീസും സ്ഥലത്തെത്തി. ദേശീയപാത അധികൃതരും വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തിരൂരങ്ങാടി ഇൻസ്പെക്‌ടർ ബി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

അതേസമയം, വയലിന് സമീപം ഉയർത്തി നിർമിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തിങ്കളാഴ്ച്‌ച അപകടമുണ്ടായ കൂരിയാട്ടും സമാന അവസ്ഥയാണുണ്ടായതെന്നും നാട്ടുകാർ പറഞ്ഞു.