കനത്തമഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെന്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ബിടിഎം സെക്കൻഡ് സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെന്റ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്‌മെന്റിൽ സഹായിയായി ജോലിനോക്കുന്ന നേപ്പാൾ സ്വദേശി ഭരതിൻ്റെ മകൻ ദിനേഷ് (12) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ രാത്രി പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് അപ്പാർട്മെന്റിന്റെ ബേസ്മെന്റ്റിൽ വെള്ളംകയറിയത്. ഇതോടെ വെള്ളം നീക്കംചെയ്യാൻ മൻമോഹൻ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് എടുത്തു.

പമ്പ് സെറ്റ് ഓൺ ചെയ്‌തതിന് പിന്നാലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മൻമോഹന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. തൊട്ടുപിന്നാലെ ദിനേഷിനും വൈദ്യുതാഘാതമേറ്റെന്ന് പോലീസ് അറിയിച്ചു.
104 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ കഴിഞ്ഞദിവസം പെയ്‌തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും നഗരത്തിൽ വലിയതോതിൽ ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തു.