സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ. വടക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട്. നാല് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുമുണ്ട്. 23 വരെ കനത്ത മഴ പെയ്തേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. നദിക്കരകളിലും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി.

കോഴിക്കോട് ശക്തമായ മഴയാണ്. കിഴക്കൻ മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചമുതൽ പെയ്‌ത മഴയിൽ കൂടരഞ്ഞിയിലെ പാലത്തിൽ വെള്ളം കയറി. കുളിരാംമുട്ടി അങ്ങാടിയിലും വെള്ളം കയറിയിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴിക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ ചൊവ്വാഴ്‌ച രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്തും കടലാക്രമണ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.