നാവികസേനയുടെ യുദ്ധക്കപ്പൽ അർണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനും സുപ്രധാന പങ്ക്. കപ്പലിനായി ഉപയോഗിച്ച ലോഗ് (വേഗം അളയ്ക്കുന്ന ഉപകരണം), എക്കോ സൗണ്ടർ (ആഴം അളയ്ക്കുന്ന ഉപകരണം), അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം, പവർ ആംപ്ലിഫയർ എന്നിവ നിർമിച്ചത് കെൽട്രോണാണ്.
കൂടാതെ, ഭാരത് ഇലക്ട്രോണിക്സ് വഴി കുറ്റിപ്പുറത്തെ കെൽട്രോൺ ഇലക്ട്രോസെറാമിക്‌സ് ലിമിറ്റഡ് സോണാർ സെൻസറുകളും നിർമിച്ചുനൽകിയിരുന്നു. ലോഗിന്റെയും എക്കോ സൗണ്ടറിന്റെയും ഓർഡർ നേരിട്ട് കെൽട്രോണിന് നൽകുകയായിരുന്നു. അണ്ടർ വാട്ടർ കമ്യൂണിക്കേഷൻ സിസ്റ്റം, പവർ ആംപ്ലിഫയർ, സോണാർ സെൻസർ എന്നിവയുടെ ഓർഡർ നൽകിയത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്.
ആത്മനിർഭർ ഭാരത് മിഷൻ്റെ ഭാഗമായി തദ്ദേശീയമായി നിർമിച്ച ഈ വലിയ നാവിക യുദ്ധക്കപ്പൽ ശത്രു അന്തർവാഹിനികളെ കണ്ടെത്താനും അതിനെ നശിപ്പിക്കാനും കഴിയുന്നതാണ്. ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) ആണ് കപ്പൽ നിർമിച്ച് മേയ് എട്ടിന് നാവികസേനയ്ക്ക് കൈമാറിയത്. മൈനുകളെ കണ്ടെത്താനും നിർവീര്യമാക്കാനും ഇതുവഴി സാധ്യമാകും. ഇന്ത്യൻ നാവികസേനയുടെ ഈ യുദ്ധക്കപ്പൽ ഓപ്പറേഷൻ സിന്ദൂറിൽ എന്തിനും സജ്ജമായിയിരുന്നു.