കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ വിവാദപരാമർശത്തിൽ പ്രതിഷേധം ശക്തം. ബിജെപി നേതാവും ഗോത്രക്ഷേമ വകുപ്പ് മന്ത്രിയുമായ വിജയ് ഷാ ഒരു പൊതുസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. പഹൽഗാമിലെ ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധിപ്പിച്ച് കേണൽ സോഫിയ ഖുറേഷിയെ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.
ഭീകരവാദികളുടെ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ അയച്ചത് അവരുടെ അഹങ്കാരം നശിപ്പിക്കാനും അവരെ ഒരു പാഠം പഠിപ്പിക്കാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതായി ബിജെപി മന്ത്രി പറഞ്ഞു. “നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവരോട് അവരുടെ സഹോദരിയെ അയച്ച് നമ്മൾ പ്രതികാരം ചെയ്‌തു. ഭീകരവാദികൾ നമ്മുടെ ഹൈന്ദവ സഹോദരങ്ങളെ കൊലപ്പെടുത്തി. അവരുടെ സഹോദരിയെ ആർമി വിമാനത്തിൽ അവരുടെ വീടുകളിൽ ചെന്ന് ആക്രമിക്കാൻ അയച്ചുകൊണ്ട് പ്രധാനമന്ത്രി പ്രതികരിച്ചു. അവർ നമ്മുടെ സഹോദരിമാരെ വിധവകളാക്കി, അതിനാൽ അവരെ ഒരു പാഠം പഠിപ്പിക്കാൻ മോദിജി അവരുടെ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു,” ബിജെപി നേതാവ് പറഞ്ഞു.
മന്ത്രിയുടെ പരമാർശങ്ങൾ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഹൊതുസമൂഹത്തിൽ നിന്നും ശക്തമായ വിമർശനത്തിന് കാരണമായി. അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ക്ഷമാപണം നടത്തി സാഹചര്യം ലഘൂകരിക്കാൻ ഷാ ശ്രമിച്ചു.
സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഉയർന്ന് ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്‌നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല. എന്നിരുന്നാലും, തന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമ ചോദിക്കാൻ തയ്യാറാണ്.’ മന്ത്രി പിന്നീട് പറഞ്ഞു.