പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായാണ് ഇന്ത്യ പാകിസ്‌താനെതിരേ തിരിച്ചടിച്ചത്. നൂറോളം ഭീകരരും അമ്പതോളം പാക് സൈനികരും ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആദ്യ ഘട്ടത്തിൽ ഭീകരകേന്ദ്രങ്ങളെ കൃത്യമായി ഉന്നംവെച്ചാണ് തകർത്തത്. എന്നാൽ പാകിസ്‌താൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇന്ത്യ തിരിച്ചടിച്ചു. കര,വ്യോമ,നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിൽ പാകിസ്‌താൻ നിലംതൊട്ടില്ല. ഐഎൻഎസ് വിക്രാന്തുൾപ്പെടെ അണിനിരത്തിക്കൊണ്ട് ആക്രമണത്തിന് ഇന്ത്യൻ നാവികസേന സുസജ്ജമായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കറാച്ചി ആക്രമിക്കാനായി ഐഎൻഎസ് വിക്രാന്തുൾപ്പെടെയുള്ള യുദ്ധകപ്പലുകളുംമിസൈൽ ബോട്ടുകളും അന്തർവാഹിനികളും തയ്യാറായിരുന്നു. 36-ഓളം നാവികസന്നാഹങ്ങളാണ് സജ്ജമായിരുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പാക് ആക്രമണത്തിന് തിരിച്ചടികൊടുക്കാൻ എല്ലാതരത്തിലും ഇന്ത്യൻ നാവികസേന ഒരുങ്ങിയിരുന്നു. അതീവജാഗ്രതയോടെയാണ് ഇന്ത്യ കാര്യങ്ങൾ നീക്കിയത്. നാവികസേനയുടെ ആക്രമണങ്ങൾ ഭയന്ന് പാകിസ്താൻ മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എൻ.എസ്. വിക്രാന്തിൻ്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്. പത്തോളം യുദ്ധക്കപ്പലുകൾക്കൊപ്പമാണ് വിക്രാന്തും ഏത് ആക്രമണത്തിനും സജ്ജമായി നിലയുറപ്പിച്ചിരുന്നതെന്നാണ് വിവരം. ഈ പദ്ധതിയുടെ കേന്ദ്രം ഐഎൻഎസ് വിക്രാന്തുതന്നെയായിരുന്നു. ഇന്ത്യൻ നാവികസേനയുടെ നടത്തിയ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏകദേശം ആറ് അന്തർവാഹിനികളും അതിവേഗ ആക്രമണ കപ്പലുകളും മിസൈൽ ബോട്ടുകളും ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നു.
ബ്രഹ്മോസ് മിസൈലുകൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MRSAM), വരുണാസ്ത്ര ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവയടങ്ങിയ യുദ്ധക്കപ്പലുകളും സജ്ജമായിരുന്നു. ഐഎൻഎസ് തുശീലുൾപ്പെടെ ഏഴ് സ്റ്റെൽത്ത് യുദ്ധക്കപ്പലുകളും ഇതിനായി തയ്യാറെടുത്തു. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്ക്കൊന്നും ഈ കപ്പലിനെ കണ്ടെത്താനുമാകില്ല. വിവിധതരം മിസൈലുകൾ, മിസൈൽ ലോഞ്ചറുകൾ, വ്യോമപ്രതിരോധസംവിധാനങ്ങൾ, മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉൾപ്പെടെയുള്ള റോക്കറ്റുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയെല്ലാം ഐ.എൻ.എസ്. തുശീലിൽ സജ്ജമാണ്.
യുദ്ധക്കപലുകളും മിസൈൽ ബോട്ടുകളും അന്തർവാഹിനികളുമടങ്ങുന്ന സൈനിക വിന്യാസം പാക് നാവിക സേനയുടെ ആകെ ശേഷിയെ മറികടക്കുന്നതായിരുന്നു. ഇന്ത്യൻ നാവിക സേന സുസജ്ജമായെത്തിയതോടെ പാക് നാവികസേന പ്രതികരിക്കാതെ നിശബ്ദമായി.
ഇന്ത്യയുടെ സമീപകാലത്തെ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാകിസ്‌താനിലെ ഭീകരതാവളങ്ങൾ തകർത്ത് തരിപ്പണമാക്കിയതിൽ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങൾ തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ ഇടയാക്കിയെന്നാണ് വിലയിരുത്തൽ.