വനംവകുപ്പ് ഓഫീസിലെത്തി, കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും കോന്നി എം.എൽ എ കെ.യു. ജനീഷ് കുമാറിന്റെ ഭീഷണി. ശനിയാഴ്ച കുളത്തു മണ്ണിൽ സ്വകാര്യ തോട്ടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ ചോദ്യംചെയ്യാൻ ഒരാളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് എംഎൽഎ എത്തിയത്. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു എംഎൽഎയുടെ ആക്ഷേപം. കസ്റ്റഡിയിലെടുത്ത ആളെ ഇറക്കി കൊണ്ടുപോകുമെന്നും എംഎൽഎ പറഞ്ഞു.
കത്തിക്കുമന്നും രണ്ടാമതും ഇവിടെ നക്‌സലുകൾ വരുമെന്നും പറഞ്ഞ് എംഎൽഎ ഉദ്യോസ്ഥരോട് തട്ടിക്കയറി. മനുഷ്യന് ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനീഷ്‌കുമാർ പറഞ്ഞു. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം.
കഴിഞ്ഞ ശനിയാഴ്ച്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽവരുന്ന കുളത്തുമൺ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തിൽവെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിൻ്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ പാടം സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചത്.
ഇതറിഞ്ഞാണ് എംഎൽഎയും സിപിഎം പ്രവർത്തകരും എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിക്രമം പാലിച്ചില്ല എന്നാരോപിച്ചാണ് എംഎൽഎയും സംഘവുമെത്തിയത്. എംഎൽഎ ഉദ്യോഗസ്ഥർക്കുനേരെ തട്ടിക്കയറുന്നതിൻ്റെയും ഭീഷണിപ്പെടുത്തുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വിശദീകരണവുമായി കെ.യു. ജനീഷ് കുമാർ എംഎൽഎ രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന പ്രശ്‌നത്തിൽ ജനങ്ങളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വനംവകുപ്പുദ്യോഗസ്ഥർ കുറേപ്പേരെ കൊണ്ടുപോയി എന്നറിയുന്നത്. ഇതിലുൾപ്പെട്ട ഇയാൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് ഫോറസ്റ്റ് ഓഫീസിൽ വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. ഡിവൈഎസ്‌പിയുമൊപ്പമാണ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. ഏഴുപേരെയാണ് ഇവർ കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതികളാണെങ്കിൽ അറസ്റ്റ് ചെയ്യണം. അതല്ല, വിവരങ്ങൾ ചോദിച്ചറിയാനാണെങ്കിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തണം. അല്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അത് അംഗീകരിക്കാനാകില്ലെന്നും എംഎൽഎ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജനങ്ങൾ വല്ലാത്ത മാനസികാവസ്ഥയിലായതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ പ്രതികരിച്ചതെന്ന് എം എൽ എ പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമായിരുന്നെന്നുംഅദ്ദേഹംപറഞ്ഞു.