കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്‌ദം കേട്ടതും പുക ഉയർന്നതുമായ സംഭവത്തെ തുടർന്ന വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറിൽ ഭാഗികമായും മറ്റ് ആറു നിലകളിലും പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ പിഎംഎസ്എസ് വൈ ബ്ലോക്ക് അത്യാഹിതവിഭാഗത്തിൽ എംആർഐ യൂണിറ്റിൻ്റെ യുപിഎസിൽ (ബാറ്ററി യൂണിറ്റ്) ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ഭയാനകമായ ശബ്ദത്തിൽ പൊട്ടിത്തെറിയും പുകപടലവും ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 7.45-ഓടെ താഴത്തെനിലയിലാണ് പുക ഉയർന്നത്. തുടർന്ന് രോഗികളെ ഉടൻ മാറ്റുകയും രണ്ടുമണിക്കൂർകൊണ്ട് പുക അണയ്ക്കുകയും ചെയ്‌തിരുന്നു.
151 രോഗികളെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 114 പേരെ മെഡിക്കൽ കോളേജിലെ തന്നെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. 12 പേർ ജനറൽ ആശുപത്രിയിലാണ്. എമർജൻസി വിഭാഗത്തിൽ എത്തിയ 25 പേർ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. എല്ലാവർക്കും കൃത്യമായി ചികിത്സ ലഭിക്കുന്നു എന്നത് ഡോക്ടർമാരുടെ സംഘം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എമർജൻസി ചികിത്സ ആവശ്യമുള്ളവർക്ക് ബീച്ച് ആശുപത്രി കാഷ്വാലിറ്റിയിൽ അതുറപ്പാക്കും. മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി സജ്ജമാക്കി ഞായറാഴ്ച രാവിലെ മുതൽ അടിയന്തര ചികിത്സ അവിടെ ഉറപ്പാക്കുന്നതാണ്. സംഭവം ഉണ്ടായ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു.