വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ വാക്പോരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.രാജീവ് ചന്ദ്രശേഖർ നടത്തുന്ന കാട്ടിക്കൂട്ടൽ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടത് എന്നറിയാമെന്നും ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്‌ടർമാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിൻ്റേത് രാഷ്ട്രീയ അൽപ്പത്തരവും പ്രതികരണം അപക്വവുമാണ്. നമുക്കൊരു ബിസിനസ് തുടങ്ങാം, കമ്പനിയെ വാങ്ങാം, വേണമെങ്കിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിൽചേരാം, അതിനെ വിലയ്ക്ക് വാങ്ങാം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ കേരളത്തിലെ ജനമനസ് വിലയ്ക്ക് വാങ്ങാൻ സാധിക്കില്ല, റിയാസ് പറഞ്ഞു. താൻ ഒരു മന്ത്രി എന്ന നിലയിൽ അല്ല, പൗരൻ എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രം അവിടെ (വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഉദ്ഘാടന വേദി) ഇരിക്കുന്നത് ശരിയാണോ?. രാഷ്ട്രീയം രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന്റെ വേദിയിൽ താൻ നേരത്തെ എത്തിയതിൽ ഒരു രാജവംശത്തിലെ മരുമകന് സങ്കടമാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ആ സങ്കടത്തിന് എന്താണ് മരുന്നെന്ന് അദ്ദേഹം ഡോക്‌ടറെ പോയി കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ആലപ്പുഴയിൽ ബിജെപി സംഘടിപ്പിച്ച വികസിത കേരളം കൺവൻഷനിലാണ് കഴിഞ്ഞദിവസം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്.ഇതിന് മറുപടിയുമായാണ് ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് എത്തിയിരിക്കുന്നത്.