ഇന്ത്യയെ സർഗാത്മകസൃഷ്ടികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൃശ്യമാധ്യമരംഗത്തെ ഇന്ത്യയിലെ ആദ്യ ലോക ഉച്ചകോടിയായ വേവ്സ് 2025 (വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റ്) ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വേവ്സ് എന്നത് ഒരു ചുരുക്കെഴുത്തുമാത്രമല്ല, സംസ്കാരം, സർഗാത്മകത, ആഗോളബന്ധം എന്നിവയെ പ്രതിനിധാനംചെയ്യുന്ന ഒരു തരംഗമാണെന്നും അദ്ദേഹം പറഞ്ഞു.
ചില മനുഷ്യവിരുദ്ധ ആശയങ്ങളിൽനിന്ന് യുവതലമുറയെ രക്ഷിക്കേണ്ടതുണ്ട്. കഥപറയലിന്റെറെ പുതിയവഴികൾ ലോകം തിരയുമ്പോൾ ഇന്ത്യ അതിദൂരം പിന്നിട്ടുകഴിഞ്ഞു. ഭാരതം നൂറുകോടിയിലധികം കഥകളുള്ള രാജ്യമാണ്. ഇന്ത്യൻസിനിമ രാജ്യത്തിന്റെ ആത്മാവിനെ ലോകത്തിന്റെ ഏറ്റവും വിദൂരകോണുകളിലേക്കുപോലും എത്തിക്കുന്നതിൽ വലിയ വിജയം കൈവരിച്ചു. റഷ്യയിലെ രാജ് കപൂറിന്റെ പൈതൃകവും കാനിലെ സത്യജിത് റായ്യുടെ ധൈഷണികവൈദഗ്ധ്യവും മുതൽ ഓസ്കറിലെ ആർആർആറിൻറെ വിജയംവരെ നമുക്കു ധാരാളം നാഴികക്കല്ലുകളുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടയിൽ, ഇന്ത്യൻസിനിമ ലോകത്തിന്റെ പലകോണുകളിൽ ഇടംനേടി. എ.ആർ. റഹ്മാൻ, രാജമൗലി, ഋത്വിക് ഘട്ടക്, തുടങ്ങിയവരെല്ലാം ഇന്ത്യൻസിനിമയ്ക്ക് ലോകത്തിൽ വലിയ സ്ഥാനം നേടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൃഷ്ടിപരമായ ശേഷിയുടെയും ആഗോളസഹകരണത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വർഷങ്ങളായി സംഗീതം, സിനിമ, അഭിനയം എന്നിവയിലെ പ്രൊഫഷണലുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉച്ചകോടി നടക്കുന്നതെന്നും ഭാവിയിൽ വേവ്സ് എന്നപേരിൽ ഡിജിറ്റൽരംഗത്ത് അവാർഡുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ‘ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക’ എന്നതിന് ശരിയായ സമയമാണിത്. വേവ്സ് 2025 സർഗാത്മകതയുടെ രാജ്യാന്തര ആഘോഷമാണ് -നരേന്ദ്രമോദി പറഞ്ഞു.