Wednesday, May 1, 2024

അരാജകത്വം സൃഷ്‌ടിക്കും; തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നിയമ നിർമാണം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

Electionഅരാജകത്വം സൃഷ്‌ടിക്കും; തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നിയമ നിർമാണം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണം സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ സ്‌റ്റേ ചെയ്യുന്നത് അരാജകത്വം സൃഷ്‌ടിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പുതിയ നിയമപ്രകാരം നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കെതിരെ യാതൊരു ആരോപണങ്ങളും ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ എക്‌സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്നും ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.

തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസുണ്ടാക്കണമെന്ന ഉത്തരവു മറികടക്കുന്ന നിയമ നിർമാണവും ധൃതിപിടിച്ചുള്ള നിയമനവും സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജഡ്‌ജി അംഗമായതു കൊണ്ട് ഏതെങ്കിലും കമ്മിഷനോ സമിതിയോ നിഷ്പക്ഷമാകുമെന്നതു മിഥ്യാധാരണയാണെന്നു കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

ഇത്രയും വലിയ തിരഞ്ഞെടുപ്പു പ്രക്രിയ രാജ്യത്തു നടക്കുമ്പോൾ ചുമതലകൾ ഒറ്റയ്ക്കു നിർവഹിക്കാൻ മുഖ്യ കമ്മിഷണർക്കു ബുദ്ധിമുട്ടാകുമെന്നതു സർക്കാർ കണക്കിലെടുത്തു. കമ്മിഷനിലെ വിവിധ ചുമതലകൾക്കായി 14നു 2 കമ്മിഷണർമാരെ നിയോഗിക്കുകയും 16നു ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്‌തുവെന്നും നിയമ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലുണ്ട്. കോടതിയിൽ നിന്നു തിരിച്ചടിയുണ്ടാകാതിരിക്കാൻ ധൃതിപിടിച്ചാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെട്ട സമിതി നിയമനം നടത്തിയതെന്ന വാദങ്ങളും സത്യവാങ്മൂലത്തിൽ തള്ളി.

തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്. അതനുസരിച്ച് പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്‌തിയെയാണ് മുഖ്യ കമ്മിഷണറോ കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റിയാണ് പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാൻ പേരുകൾ നൽകുക. സുപീം കോടതി ചീഫ് ജസ്റ്റിസിനു പകരമാണ് കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles