കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.
ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. ടെട്രാപോഡുകൾ സ്ഥാപിച്ചതിനപ്പുറത്തേക്കുള്ള സ്ഥലങ്ങളിൽ വ്യാപക കടലാക്രമണം ആണ് ഉണ്ടാകുന്നത്. ചെല്ലാനം മുതൽ ഫോർട്ട്കൊച്ചി വരെയുള്ള സ്ഥലങ്ങളിലായാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്.

“എല്ലാ കൊല്ലവും കടലാക്രമണം ഉണ്ടാകുമ്പോൾ ഞങ്ങൾ പ്രതിഷേധിക്കും. അന്ന് പലരും വന്ന് എല്ലാം ശരിയാക്കി തരാം എന്ന് പറയും. ഞങ്ങൾ അത് വിശ്വസിക്കും. പക്ഷേ ആരും തിരിഞ്ഞുനോക്കില്ല. ഞങ്ങൾ പറ്റിക്കപ്പെടുകയാണ്- ചെല്ലാനത്തെ ജനങ്ങൾ പറഞ്ഞു.
ചെല്ലാനത്ത് 350 കോടി രൂപ ചെലവിലാണ് ടെട്രോപോഡുകൾ സ്ഥാപിച്ചത്. ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള ഏഴ് കിലോമീറ്റർ കടലോരത്താണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോഴും മറ്റ് സ്ഥലങ്ങളിൽ കടലേറ്റം രൂക്ഷമാണ്.