കഴിഞ്ഞ നാൽപത് കൊല്ലത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ലധികമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരപ്രവർത്തനത്തിൻയും അതിന് പാകിസ്താൻ നൽകിവരുന്ന പിന്തുണയുടേയും ഗൗരവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ തുറന്നു കാട്ടുകയായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ്. സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ നടന്ന ചർച്ചയിലാണ് പർവ്വതനേനി ഹരീഷ് ഇന്ത്യയുടെ ഭാഗം കൃത്യമായും വ്യക്തമായും വിശദീകരിച്ചത്. സിന്ധുനദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാകിസ്‌താൻ നൽകിയ വാദങ്ങൾ തെറ്റിധാരണാജനകവും അവാസ്‌തവുമാണെന്ന് അംബാസഡർ സഭയിൽ വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്‌താൻ നൽകി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധുനദീജലക്കരാർ മരവിച്ച നടപടി പിൻവലിക്കില്ലെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ജലം ജീവിതമാണെന്നും യുദ്ധത്തിനുള്ള ഉപകരണമല്ലെന്നുമുള്ള പാകിസ്‌താൻ പ്രതിനിധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പർവ്വതനേനി ഹരീഷ്. ഒരേ നദീതീരത്തുള്ള ഇരുരാജ്യങ്ങളെന്ന നിലയിൽ സിന്ധുനദീജലക്കരാറിൽ ഇന്ത്യ ഏറ്റവും ഉത്തരവാദിത്വമുള്ള രീതിയിലാണ് പ്രവർത്തിച്ചതെന്നും എന്നാൽ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്‌താൻ നൽകി വരുന്ന പിന്തുണ ഒരുതരത്തിലും ന്യായീകരണമർഹിക്കുന്നില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് അംബാസഡർ അറിയിച്ചു. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

നല്ല വിശ്വാസത്തിലാണ് 65 കൊല്ലം മുൻപ് സിന്ധുനദീജലക്കരാറിൽ ഇന്ത്യ ഒപ്പുവെച്ചതെന്ന് അംബാസഡർ പറഞ്ഞു. ആദർശവും സൗഹൃദവും അടിസ്ഥാനമാക്കിയുള്ളതാണ് കരാറെന്ന് അതിൻ്റെ ആമുഖത്തിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മൂന്ന് യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തി പലതവണ പാകിസ്‌താൻ കരാറിൻ്റെ അടിത്തറ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം പ്രത്യേകപരാമർശം നടത്തി. ഭീകരാക്രമണത്തിൽ ഇന്ത്യ അത്യധികം ക്ഷമയും മഹാമനസ്തകയും പ്രകടിപ്പിച്ചതായി പർവ്വതനേനി ഹരീഷ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ജീവനും മതസൗഹാർദവും സാമ്പത്തിക വികസനവും താറുമാറാക്കുക എന്നതാണ് പാകിസ്‌താൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരാക്രമണം ലക്ഷ്യമിടുന്നതെന്നും അംബാസഡർ സഭയിൽ വ്യക്തമാക്കി.