തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ വിമർശിച്ചു. “സംസ്‌ഥാനത്ത് വോട്ടിങ് വളരെയധികം നീണ്ടുപോയി. ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. കാരണം യന്ത്രം ക്രമീകരിച്ച രീതിയങ്ങനെയാണ്.

വോട്ട് രേഖപ്പെടുത്തി വിവിപാറ്റിൽ അതിന്റെ ചിത്രവും സ്‌ഥാനാർഥിയുടെ പേരും ചിഹ്‌നവും ക്രമനമ്പറും തെളിഞ്ഞശേഷം വീണ്ടും ബീപ്പ് ശബ്ദം കേൾക്കുമ്പോഴാണ് വോട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. ഇതിന് ഒരുപാട് സമയമെടുത്തു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന അത്രയും സമയം ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനും എടുത്തു”-മുരളീധരൻ പറഞ്ഞു.

“ആറുമണി കഴിഞ്ഞിട്ടും ഒരുപാട് പേർ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി എട്ടര വരെ പല ബൂത്തുകളും സന്ദർശിച്ചിരുന്നു. കണക്കുകൾ എടുത്ത് നാളെ വിശദമായി ഇലക്ഷൻ കമ്മിറ്റി കൂടും. കടുത്ത ചൂടിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചുട്ടുപഴുത്ത അന്തരീക്ഷത്തിൽ ആളുകൾ വരി നിൽക്കുമ്പോൾ അസ്വസ്‌ഥതയുണ്ടാവും.

അതിനെ നേരിടാനുള്ള ഒരു സജ്‌ജീകരണങ്ങളും ചെയ്‌തിട്ടില്ല. ശ്വാസം മുട്ടി ക്യൂനിൽക്കാൻ വോട്ടർമാർക്ക് കഴിയില്ല. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുക, കുടിവെള്ളം കൊടുക്കുക, ഫാൻ ക്രമീകരിക്കുക തുടങ്ങിയവ ചെയ്യാം. പ്രിസൈഡിങ് ഓഫിസർ ചിലയിടത്ത് മോശമായി പെരുമാറി”-കെ.മുരളീധരൻ പറഞ്ഞു.
