Wednesday, May 1, 2024

സിദ്ധാർഥൻ്റെ മരണം; സി.ബി.ഐ.സംഘം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി

CRIMEസിദ്ധാർഥൻ്റെ മരണം; സി.ബി.ഐ.സംഘം വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി

സിദ്ധാർഥൻ്റെ മരണം അന്വേഷിക്കുന്ന ഡൽഹിയിൽനിന്നുള്ള സി.ബി.ഐ.സംഘം പൂക്കോട് വെറ്ററിനറി കോളേജിൽ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിൻ്റെ റിപ്പോർട്ടുകൾ, ക്ലാസ് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകളാണ് ഡീനിൻ്റെ റൂമിലെത്തി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ പരിശോധിച്ചത്.

കഴിഞ്ഞദിവസം കോളേജ് ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളേജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു. അതിനു പിന്നാലെയാണ് തിങ്കളാഴ്ച‌ വൈകീട്ടോടെ കോളേജിലെത്തി റാഗിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോർട്ടുകൾ സി.ബി.ഐ. കസ്റ്റഡിയിലെടുത്തു.

വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തി സംഭവദിവസം ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും സിദ്ധാർഥൻ്റെ സഹപാഠികളുടെയും മൊഴികൾ രേഖപ്പെടുത്തി. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും.

മുൻ ഡീൻ ഡോ. എം.കെ. നാരായണൻ, അസി.വാർഡൻ ഡോ. കാന്തനാഥൻ എന്നിവരെയും വിളിച്ചുവരുത്തും. ചൊവ്വാഴ്‌ച സിദ്ധാർഥൻ്റെ അച്ഛൻറെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും. സി.ബി.ഐ. ഡൽഹി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്‌ അറിയിച്ചുകൊണ്ട് കല്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ചു. കല്പറ്റ പോലീസ് 20 പേരെയാണ് പ്രതിചേർത്തിരുന്നത്.

എന്നാൽ, കൂടുതൽ പ്രതികളുണ്ടാവുമെന്ന സൂചനയാണ് സി.ബി.ഐ.യുടെ എഫ്.ഐ.ആറിലുള്ളത്. 21-ാമത്തെ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതൻ എന്നാണ് ചേർത്തിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles