തിരഞ്ഞെടുപ്പ് ചൂടിനെ വെല്ലുന്ന ഉഷ്‌ണതരംഗമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കഠിനമായ ചൂടായിരിക്കും ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്നതെന്നും അത് മുൻകൂട്ടിക്കണ്ട് പൊതുതിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്തണമെന്നും കാലാവസ്‌ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ മൊഹപാത്ര അറിയിച്ചു.

റാലികൾ, വോട്ടിങ് സമയം എന്നിവ മാറ്റുന്നതിനുളള നിർദേശമൊന്നും കാലാവസ്‌ഥാ വകുപ്പ് നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്തുന്നതിനായി സമയോചിതമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണതരംഗം രൂക്ഷമാകുക.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ ഏപ്രിൽ 7, 8 തീയതികളിൽ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഏപ്രിൽ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിൻ്റെ കിഴക്ക്, മധ്യ, ദക്ഷിണ സംസ്ഥാനങ്ങളിൽ ഇടിയോടുകൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

അടുത്ത രണ്ടുദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ഇടിയോടുകൂടിയ ശക്‌തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ടുദിവസത്തേക്കുകൂടി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം അനുഭവപ്പെടും. ക്രമേണ അത് കുറഞ്ഞുവരുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഏപ്രിൽ 11 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ചൂടിനെ മുന്നിൽ കണ്ട് ജാർഖണ്ഡ് വോട്ടിങ് സമയം വർധിപ്പിക്കുന്നത് അടക്കമുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പോളിങ് സ്‌റ്റേഷനുകളിൽ ആംബുലൻസുകൾ സജജ്ജീകരിക്കും. വോട്ടർമാർക്ക് നാരങ്ങാവെള്ളം വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

തമിഴ്‌നാട്ടിലെ കാരൂർ, ധർമപുരി എന്നിവിടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. ഒഡിഷയിൽ കനത്തചൂടിൽ പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.