Wednesday, May 8, 2024

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം; ബി.ആർ. അംബേദ്‌കറുടെ സ്‌മാരകമായ ചൈത്യഭൂമിയിൽ രാത്രി എട്ടോടെയാണ് യാത്ര സമാപിച്ചത്

Electionഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം; ബി.ആർ. അംബേദ്‌കറുടെ സ്‌മാരകമായ ചൈത്യഭൂമിയിൽ രാത്രി എട്ടോടെയാണ് യാത്ര സമാപിച്ചത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം. ശനിയാഴ്ച്‌ച വൈകീട്ട് ദാദറിലെ ഡോ. ബി.ആർ. അംബേദ്‌കറുടെ സ്‌മാരകമായ ചൈത്യഭൂമിയിൽ രാത്രി എട്ടോടെയാണ് യാത്ര സമാപിച്ചത്. ധാരാവിയിലെ സ്വീകരണത്തിനുശേഷം പ്രിയങ്കാഗാന്ധിയും ജാഥയുടെ ഭാഗമായി.

രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ചൈത്യഭൂമിയിലെത്തി പ്രണാമമർപ്പിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ജാഥയ്ക്കെ‌ാപ്പമുണ്ടായിരുന്നു.

ഞായറാഴ്ച്‌ച രാവിലെ മണിഭവനിൽനിന്ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുൽഗാന്ധി ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തും. സാംസ്കാരിക സാമൂഹിക മേഖലകളിൽനിന്നുള്ള പ്രമുഖർ പദയാത്രയിൽ അദ്ദേഹത്തോടൊപ്പം ചേരുമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവർ അറിയിച്ചു. അതിനുശേഷം, ഓഗസ്റ്റ് ക്രാന്തി മൈതാനത്തിനടുത്തുള്ള തേജ്പാൽ ഹാളിൽ പങ്കെടുക്കുന്നവരുമായി രാഹുൽഗാന്ധി സംവദിക്കും.

ഞായറാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതൃനിരയുടെ ശക്തിപ്രകടനമായി ഈ സമ്മേളനം മാറും. ഉദ്ധവ് താക്കറെ, ശരദ്പവാർ എന്നിവർക്ക് പുറമേ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് എന്നിവരും പങ്കെടുക്കും.

ഇവർക്ക് പുറമെ, ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, സി.പി.ഐ.യുടെ ദീപാങ്കർ ഭട്ടാചാര്യ, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും പങ്കെടുക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles