Thursday, May 2, 2024

വാദ്യഘോഷങ്ങളും തനത് കലാരൂപങ്ങളും; പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ

Electionവാദ്യഘോഷങ്ങളും തനത് കലാരൂപങ്ങളും; പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്ച പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ ആവേശത്തോടെ ബി.ജെ.പി. പ്രവർത്തകർ. സന്ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നഗരം മുഴുവൻ പ്രധാനമന്ത്രിയെ സ്വാഗതംചെയ്തത്‌ കമാനങ്ങളും കൊടിതോരണങ്ങളും ഒരുക്കി.

വെള്ളിയാഴ്ച‌ 10.30-ന് ഹെലികോപ്‌ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ പരിസരത്ത് പ്രവർത്തകരുണ്ടാകും. വാദ്യഘോഷങ്ങളും കാവടി ഉൾപ്പെടെയുള്ള തനത് കലാരൂപങ്ങളും വരവേൽപിനായി ഒരുക്കി.

തുടർന്ന് റോഡുമാർഗം 11-ഓടെ പൊതുസമ്മേളനം നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാനത്തിൻ്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ അധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.

എൻ.ഡി.എ. സ്ഥാനാർഥികളായ കേന്ദ്രമന്ത്രി വി.മുരളീധരൻ(ആറ്റിങ്ങൽ), അനിൽ കെ.ആൻ്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ(ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര). ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഉപാധ്യക്ഷൻ കെ.പദ്‌മകുമാർ എന്നിവർ വേദിയിലുണ്ടാകും.

നഗരം വൻ സുരക്ഷാവലയത്തിൽ

വൻ സുരക്ഷാസംവിധാനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി.യുടെ നേതൃത്വത്തിൽ സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി. ജില്ലാ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഇരുസ്റ്റേഡിയത്തിൻ്റെയും മൂന്നുകിലോമീറ്റർ പരിധിയിൽ ഡ്രോണുകൾ, വിദൂരനിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, ഏറോമോഡലുകൾ, പാരാഗ്ളൈഡറുകൾ, ഹാൻഡ് ഗ്ളൈഡറുകൾ, ഹോട് എയർ ബലൂണുകൾ, പട്ടങ്ങൾ തുടങ്ങിയവ പറത്തുന്നതിന് പോലീസ് നിരോധനമേർപ്പെടുത്തി.

ഗതാഗതക്രമീകരണങ്ങൾ

. അടൂർ ഭാഗത്തുനിന്ന് ഓമല്ലൂർവഴി പത്തനംതിട്ടയിലേക്ക് വാഹനങ്ങൾ സന്തോഷ് ജങ്ഷനിൽ ഇടത്തുതിരിഞ്ഞ് എ.ജി.ടി. ഓഡിറ്റോറിയം ജങ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെയ്ൻ്റ് പീറ്റേഴ്‌സ് വഴി ടൗണിൽ പ്രവേശിക്കണം.

  • പത്തനംതിട്ടയിൽനിന്ന് അടൂരേക്ക് പോകുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെവെട്ടിപ്രം, മേലേവെട്ടിപ്രം ജങ്ഷനുകൾ കടന്ന് സെയ്ന്റ് പീറ്റേഴ്സ‌ിലെത്തി സ്റ്റേഡിയം ജങ്ഷനിലൂടെ പോകണം.
  • പൂങ്കാവ് ഭാഗത്തേക്കുള്ള, ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജങ്ഷനിലൂടെ പോകണം.
  • ഏഴംകുളം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജങ്ഷനിൽ ഇടത്തേക്കുതിരിഞ്ഞ് ഓമല്ലൂർവഴി സന്തോഷ് ജങ്ഷനിലെത്തി വീണ്ടും ഇടത്തേക്കുതിരിഞ്ഞ് എ.ജി.ടി. ഓഡിറ്റേറിയം ജങ്ഷനിൽ വലത്തേക്കുകടന്ന് പുന്നലത്തുപടി സെയ്ൻ്റ് പീറ്റേഴ്‌സ് വഴി ടൗണിലേക്ക് കടക്കണം.
spot_img

Check out our other content

Check out other tags:

Most Popular Articles